കൊച്ചി: തൃപ്പൂണിത്തുറ കോണോത്തുപുഴയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ. മണകുന്നം വില്ലേജ് പാടശേഖര സംരക്ഷണ സമിതി സെക്രട്ടറി കെ.പി.വർഗീസിന്റെ ഹർജിയിലാണ് ജസ്റ്റിസ് കെ.രാമകൃഷ്ണനും ഡോ.സത്യഗോപാലും അടങ്ങിയ ഹരിത ട്രിബ്യൂണൽ സൗത്ത് സോൺ ബെഞ്ചിന്റെ ഉത്തരവ്.
പുഴയിൽ നിന്ന് മാലിന്യം നീക്കണമെന്നും ഒഴുക്ക് സുഗമമാക്കണമെന്നും ഉത്തരവിലുണ്ട്. പുഴ ഒഴുകുന്ന തദ്ദേശ സ്ഥാപനങ്ങളാണ് ഇതിനായി നടപടികൾ സ്വീകരിക്കേണ്ടത്. കൈയ്യേറ്റവും മലിനീകരണവും കാരണം കോണോത്തുപുഴ സമ്പൂർണ നാശത്തിലാണെന്നാണ് ഹർജിയിൽ ആരോപിച്ചിരുന്നത്. കുറുകെ അശാസ്ത്രീയമായി നിർമ്മിച്ച പാലങ്ങൾ അടക്കം പുഴയുടെ ഒഴുക്കിന് തടസമായി മാറിയതായും വ്യക്തമാക്കിയിരുന്നു.
ഉത്തരവിൽ പറയുന്നത്
കൈയേറ്റങ്ങൾ ഒഴിപ്പിച്ച് പുഴയുടെ യഥാർത്ഥ വീതി തിരിച്ച് പിടിക്കണം
കൈയേറ്റം കണ്ടെത്താൻ ജില്ലാ കളക്ടർ സർവ്വേ നടത്തണം.
മലിനീകരണ നിയന്ത്രണ ബോർഡിന്റെ മേൽനോട്ടത്തിലാണ് നടപടികൾ.
വീഴ്ച വരുത്തുന്ന തദ്ദേശ സ്ഥാപനങ്ങൾക്കെതിരെ നടപടി വേണം.
ചീഫ് സെക്രട്ടറിയുടെ തലത്തിലും മേൽനോട്ടം ഉണ്ടാകണം.
മാലിന്യം കനാലിലേക്ക് എറിയുന്നത് തടയാൻ ഗ്രിൽ നെറ്റുകൾ സ്ഥാപിക്കണം
ഖരമാലിന്യം സംസ്‌കരണ മേൽനോട്ടത്തിനായി ജില്ല തലത്തിൽ ഉന്നതാധികാര സമിതിയ്ക്ക് ജില്ലാ കളക്ടർ രൂപം നൽകണം.
കോണോത്തുപുഴയെ സംരക്ഷിക്കുന്നതിനുള്ള പദ്ധതിക്കും ജില്ലാ കളക്ടർ രൂപം നൽകണം.
പുഴയുടെ ഒഴുക്ക് തടയുന്ന ഒരു വിധ നിർമ്മാണവും പൊതുമരാമത്ത് വകുപ്പും ജലസേചന വകുപ്പും നടത്തരുത്
പുഴയിലേക്ക് ഓരുജലം കയറുന്നത് തടയാൻ തീരദേശ നിയന്ത്രണ ചട്ടങ്ങൾ പാലിച്ച് റെഗുലേറ്റർ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കണം.
പുഴയിലെ കളകളും ചെളിയും യഥാസമയം നീക്കം ചെയ്യണം
പുഴയുടെ ഇരുവശത്തേയും ബണ്ട് സംരക്ഷിക്കണം
ഭൂമിയുടെ അടിയിലൂടെയുള്ള സ്വീവേജ് സ്‌കീം തയ്യാറാക്കി നടപ്പാക്കണം.
17കിലോമീറ്റർ പുഴ
ഇരുമ്പനം വെട്ടുവേലി കടവ് മുതൽ പൂത്തോട്ട പുത്തൻകാവ് വരെ 17 കിലോമീറ്ററാണ് കോണോത്തുപുഴയുടെ നീളം. മൂന്ന് മീറ്റർ മുതൽ നാല് മീറ്റർ വരെ ആഴമുണ്ട്. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, ഉദയംപേരൂർ, ആമ്പല്ലൂർ, മുളന്തുരുത്തി, ചോറ്റാനിക്കര പഞ്ചായത്തുകളിലൂടെയാണ് പുഴ കടന്നുപോകുന്നത്.