പെരുമ്പാവൂർ: മാസങ്ങളായി അടച്ചുപൂട്ടിയ ഒക്കൽ പഞ്ചായത്തിലെ ജനകീയ ഹോട്ടൽ തുറക്കണമെന്ന ആവശ്യം പഞ്ചായത്ത് ഭരണ സമിതി അവഗണിക്കുന്നതായി ആക്ഷേപം. ഒക്കൽ പഞ്ചായത്തിലെ വനിത വികസന കെട്ടിടത്തിൽ ഒന്നരവർഷമായി പ്രവർത്തിച്ചുവന്ന ജനകിയ ഹോട്ടൽ യു.ഡി.എഫ്. ഭരണ സമിതി അടപ്പിച്ചെന്നാണ് ആരോപണം.
ജനകീയ ഹോട്ടലിന്റെ നടത്തിപ്പുകാർ എൽ.ഡി.എഫ്. വനിത പ്രവർത്തകരാണെന്ന കാരണം പറഞ്ഞ് അടപ്പിച്ചെന്നാണ് ഒരു വിഭാഗം പറയുന്നത്.ഒക്കൽ പഞ്ചായത്ത് വളപ്പിലാണ് താത്കാലികമായി ചേലാമറ്റം വില്ലേജ് ഓഫീസും പ്രവർത്തിക്കുന്നത്. വില്ലേജ് ഓഫീസിൽ എത്തുന്ന നിർധനർക്ക് ജനകീയ ഹോട്ടൽ ജീവനക്കാർ സൗജന്യമായി രേഖകൾ പൂരിപ്പിച്ച് നൽകിയിരുന്നു. ഈ സഹായവും ജനകീയ ഹോട്ടൽ അടപ്പിച്ചതോടെ ഇല്ലാതായി.
ജീവനക്കാരും പഞ്ചായത്തിൽ യോഗത്തിനെത്തുന്നവരും ജനകീയ ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങാറില്ലെന്നും ലൈസൻസ് പുതുക്കി നൽകാൻ ഭരണസമിതി വിസമ്മതിച്ചതായും ആക്ഷേപമുണ്ട്. കൊറോണക്കാലത്ത് നിരവധി പേർക്ക് ജനകീയ ഹോട്ടൽ വഴി ഭക്ഷണം വിതരണം ചെയ്തിരുന്നു. വെറും 20 രൂപയ്ക്ക് ഭക്ഷണം നൽകിയിരുന്ന ഹോട്ടൽ ജനങ്ങൾക്ക് കൂടുതൽ പ്രയോജനകരമാക്കാൻ ഒക്കൽ ജംഗ്ഷനിലേക്ക് മാറ്റണമെന്നും ആവശ്യമുയരുന്നുണ്ട്. ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും യാതൊരു വികസന പ്രവർത്തനങ്ങളും നടത്താതിരിക്കുകയും ചെയ്യുന്ന പ്രസിഡന്റ് രാജിവയ്കണമെന്ന് കേരള കോൺഗ്രസ് ജില്ല കോ-ഓഡിനേറ്റർ അൻവർ മുണ്ടേത്ത് പറഞ്ഞു.