കൊച്ചി: എസ്.എൻ.ഡി.പി യോഗം യൂത്തുമൂവ്മെന്റ് കണയന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ മേഖലാതല കായികോത്സവത്തിന് തുടക്കമായി. 29 വരെ നീണ്ടുനിൽക്കുന്ന കായികോത്സവത്തിൽ ഫുട് ബാൾ, ക്രിക്കറ്റ്, ബാറ്റ് മിന്റൺ ടൂർണമെന്റുകളാണ് സംഘടിപ്പിക്കുന്നത്. ലഹരിപദാർത്ഥങ്ങൾക്കും മയക്കുമരുന്നിനും അടിമപ്പെട്ട വഴിതെറ്റിപ്പോകാതെ യുവതലമുറയുടെ കർമ്മശേഷിയെ ക്രിയാത്മകമായ മാർഗ്ഗത്തിലേക്ക് തിരിച്ചുവിടുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യം.

ഇന്നലെ കാക്കനാട് സ്പോർട്ഹുഡ് ഗോൾഡൻ ഗോൾ ടർഫിൽ ഫുട് ബാൾ ടൂർണമെന്റിന്റെ ഉദ്ഘാടനം എസ്.എൻ.‌ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ നിർവഹിച്ചു. യൂത്തുമൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് വിനോദ് വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി വൈസ് ചെയർമാൻ വിജയൻ പടമുഗൾ മുഖ്യാതിഥിയായി. കൺവീനർ എം.ഡി. അഭിലാഷ് ടീം അംഗങ്ങളെ പരിചയപ്പെടുത്തി.

കമ്മിറ്റി അംഗങ്ങളായ എൽ. സന്തോഷ്, വിജയകുമാർ, യൂത്ത്മൂവ്മെന്റ് യൂണിയൻ കൗൺസിലർ അഭിലാഷ് മാണിക്കുളങ്ങര, സൈബർസേന കൺവീനർ റെജി വേണുഗോപാൽ, വനിതസംഘം കമ്മിറ്റി അംഗം പമീല സത്യൻ എന്നിവർ പ്രസംഗിച്ചു. യൂത്തുമൂവ്മെന്റ് യൂണിയൻ സെക്രട്ടറി ശ്രീജിത്ത് ശ്രീധർ സ്വാഗതവും ജോ. സെക്രട്ടറി കെ.എസ്. കണ്ണൻ നന്ദിയും പറഞ്ഞു. യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി വൈസ് പ്രസിഡന്റ് ഉണ്ണി കാക്കനാട്ട് പതാക ഉയർത്തി. യൂണിയൻ കൺവീനർ സമ്മാനദാനം നിർവഹിച്ചു. 21 ന് പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് യൂത്തുമൂവ്മെന്റ് കേന്ദ്രസമിതി പ്രസിഡന്റ് സന്ദീപ് പച്ചയിൽ ഉദ്ഘാടനം ചെയ്യും. 28, 29 തീയതികളിൽ ഉദയംപേരൂരിൽ നടക്കുന്ന ബാറ്റ്മിന്റൺ ടൂർണമെന്റ് എം.ഡി.അഭിലാഷ് ഉദ്ഘാടനം ചെയ്യും.