sindhu-gopakumar
ബൈക്കിൽ ലഡാക്ക് യാത്രകഴിഞ്ഞ് തിരിച്ചെത്തിയ അമ്മയും മകനും

പറവൂർ: കാശ്മീരിലെ മഞ്ഞുമലകളിലൂടെ ബൈക്കിലൊരു സാഹസികയാത്രയെന്ന ആഗ്രഹം സഫലമാക്കി അമ്മയും മകനും നാട്ടിൽ തിരിച്ചെത്തി. ഇന്നലെ വൈകിട്ടോടെ ഇവർ സ്വദേശമായ ഏഴിക്കരയിലെത്തുമെന്നറിഞ്ഞ നാട്ടുകാർ സ്വീകരിക്കാൻ ഒത്തുകൂടിയിരുന്നു. ഏഴിക്കരയിലും കടക്കര ബസ് സ്റ്റാൻഡിലും പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ച് നിരവധി ബൈക്കുകളുടെ അകമ്പടിയിൽ വീട്ടിലേക്ക് ആനയിച്ചു.

അമ്പതുകാരിയായ സിന്ധുവും ഇരുപത്തിയാറുകാരനായ മകൻ ഗോപകുമാറും കഴിഞ്ഞ 20ന് രാവിലെയാണ് ലഡാക്കിലേക്ക് സാഹസികയാത്ര പുറപ്പെട്ടത്. മേയ് രണ്ടിന് ഇവർ ല‌ഡാക്കിലെത്തി. പിന്നീട് അമ്പത് കിലോമീറ്ററോളം അകലെയുള്ള കർദുഗ്‌ലായിലെത്തി. ഒക്സിജന്റെ അളവ് കൃത്യമല്ലാത്ത പ്രദേശമായതിനാൽ ഇന്ത്യൻ സൈനികരുടെ നിർദേശപ്രകാരം അധികസമയം ഇവിടെ ചെലവഴിച്ചില്ല. മൂന്നിന് രാവിലെ ലഡാക്കിൽനിന്ന് മണാലിവഴിയായിരുന്നു മടക്കയാത്ര. ശക്തമായ മഞ്ഞുവീഴ്ചമൂലം രണ്ടുദിവസം മണാലിയിൽ പൊലീസ് തടഞ്ഞു. ഹിമാചൽപ്രദേശ്, മദ്ധ്യപ്രദേശ്, ന്യൂഡൽഹി, ഹൈദരാബാദ്, ബംഗളൂരു വഴിയാണ് തിരിച്ചെത്തിയത്.

മൂന്നുദിവസം മുമ്പ് ഗോപകുമാറിന്റെ പിതാവ് കുട്ടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വിവരംലഭിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തി സന്ദർശിച്ച ശേഷമാണ് ഇവർ ഏഴിക്കരയിലെത്തിയത്.

മഞ്ഞും മഴയും മലനിരകളും അഗാധമായ കൊക്കകൾക്കരികിലൂടെയുള്ള ഇടുങ്ങിയ ദുർഘടപാതകളും താണ്ടിയുള്ള യാത്ര ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്തവിധം ഭയാനകമായിരുന്നു. 8,500 കിലോമീറ്ററാണ് ബൈക്കോടിച്ചത്. യാത്രയുടെ വീഡിയോ കണ്ടവർ ചിലയിടങ്ങളിൽ താമസസൗകര്യം ഏർപ്പാടാക്കി. വ്യത്യസ്ത ഭാഷകളും ഭക്ഷണരീതികളും നന്നായി ആസ്വദിച്ചതായും വാഹനത്തിന് ചെറിയ തകരാറുണ്ടായതൊഴിച്ചാൽ യാത്ര സുഖകരമായിരുന്നതായും ഇരുവരും പറഞ്ഞു.