
അങ്കമാലി: കാലടി സംസ്‌കൃത സർവകലാശാലാ കലോത്സവത്തിൽ ഒപ്പനച്ചുവടു വച്ച് ഒന്നാം സമ്മാനവുമായി സന്തോഷത്തോടെ നാട്ടിലേക്ക് തിരിച്ച അമയയുടെ (20) അകാല വേർപാടിൽ തേങ്ങുകയാണ് കൂട്ടുകാരും ജന്മനാടായ വടകരയും.
അമയയും സഹപാഠികളായ മറ്റ് ഏഴുപേരും വെള്ളിയാഴ്ച രാത്രി പന്ത്രണ്ടിന് അങ്കമാലിയിൽ ബസ്സിറങ്ങി റെയിൽവേ സ്റ്റേഷനിലെത്താൻ ദേശീയപാത മുറിച്ചു കടക്കുമ്പോൾ മിനിലോറി ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി അമയ തത്ക്ഷണം മരിച്ചു. വാഹനം നിറുത്താതെ പോയി. മിനി ലോറിയുടെ പിന്നിലുണ്ടായിരുന്ന കാറും അമയയുടെ ദേഹത്തു കയറി. കലോത്സവം ഇന്നലെയാണ് തീർന്നതെങ്കിലും തങ്ങളുടെ മത്സരയിനങ്ങൾ കഴിഞ്ഞതിനാൽ വെള്ളിയാഴ്‌ച നാട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാർത്ഥി സംഘം.
വടകര കസ്റ്റംസ് റോഡിൽ താഴേപാണ്ടി പറമ്പത്ത് വീട്ടിൽ കെ. പ്രകാശന്റെയും വി. എം. ബിന്ദുവിന്റെയും മകളാണ് അമയ. സഹോദരൻ: അതുൽ. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി വടകരയിലെ വീട്ടിൽ സംസ്‌കരിച്ചു. അപകടത്തിൽ പരിക്കേറ്റ പയ്യന്നൂർ 'ജാനകി നിലയ" ത്തിൽ ശ്രീഹരിയെ ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ നിന്ന് ഇന്നലെ ബന്ധുക്കൾ നാട്ടിലേക്ക് കൊണ്ടുപോയി. കാലിന് ഒടിവുണ്ട്.
അമയ അംഗമായ പയ്യന്നൂർ സെന്ററിനായിരുന്നു ഒപ്പനയിൽ ഒന്നും മാർഗംകളിയിൽ രണ്ടും സ്ഥാനങ്ങൾ. പയ്യന്നൂർ കോളേജിലെ സംസ്‌കൃതം അവസാന വർഷ വിദ്യാർത്ഥിയായിരുന്നു.
വാഹനം കണ്ടെത്തിയില്ല
ഇടിച്ചു വീഴ്‌ത്തിയ വാഹനത്തിനായി പൊലീസ് അനേഷണം തുടരുകയാണ്. സി.സി.ടി.വി കാമറകളുടെ സഹായത്തോടെ നാല് വാഹനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. തൊട്ടുപിന്നിൽ വന്ന കാറിനെക്കുറിച്ചും അന്വേഷിക്കുന്നു.