കൊച്ചി: പള്ളുരുത്തി അഴകിയകാവ് ക്ഷേത്രഭൂമി കൈയേറ്റം തടയുന്നതിനും അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കുന്നതിനുമുള്ള നിയമയുദ്ധം അന്തിമഘട്ടത്തിലെത്തിയതായി ക്ഷേത്രഭൂമി സംരക്ഷണ സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ക്ഷേത്രഭൂമി റവന്യൂ പുറമ്പോക്കാണെന്ന ഫോർട്ടുകൊച്ചി ആർ.ഡി.ഒയുടെ ഉത്തരവ് നിയമവിരുദ്ധമാണെന്ന ഹൈക്കോടതി വിധി തങ്ങളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് ഭാരവാഹികൾ പറഞ്ഞു. രേഖകൾ പരിശോധിച്ച് ന്യായമായ തീരുമാനം കൈക്കൊള്ളാനുള്ള കോടതി നിർദേശം 20 ഏക്കറോളം വരുന്ന പള്ളുരുത്തി വെളി മൈതാനത്തെ കൈയ്യേറ്റങ്ങൾക്ക് വലിയ തിരിച്ചടിയാകും. ക്ഷേത്രഭൂമി സംരക്ഷണത്തിന് മുന്നിട്ടിറങ്ങിയത് സമിതിയാണ്. ഹിന്ദു ഐക്യവേദി ഉൾപ്പടെയുള്ള ഹൈന്ദവ സംഘടനകൾ ഇക്കാര്യത്തിൽ ഒളിച്ചു കളിക്കുകയായിരുന്നു. പോക്സോ ഉൾപ്പെടെ കള്ളക്കേസുകൾ സമിതി പ്രവർത്തകർക്ക് നേരെ ഉണ്ടായി. ഹൈക്കോടതിയിലും കീഴ്ക്കോടതികളിലും നിരവധി കേസുകൾ നടത്തേണ്ടിവന്നു. അനുകൂലവിധികളുണ്ടായപ്പോൾ മറ്റു സംഘടനകൾ അവകാശവാദവുമായി രംഗത്തുവന്നുതുടങ്ങിയെന്നും ഭാരവാഹികൾ പറഞ്ഞു. ഭൂസംരക്ഷണസമിതി സെക്രട്ടറി പി.സി.ഉണ്ണിക്കൃഷ്ണൻ, സനൽബാബു, വേണു കെ.പിള്ള, ഷൈൻ കൂട്ടുങ്കൽ, എൻ.ജി.കൃഷ്ണകുമാർ, കെ.പി.വാസു, സുരേഷ് പടക്കാറ, യു.ആനന്ദ് എന്നിവർ പങ്കെടുത്തു.