കൊച്ചി: ഇടവപ്പാതിക്ക് മുമ്പേ എത്തിയ മഴക്കെടുതിയിൽ ജില്ലയിൽ പരക്കേ നാശനഷ്ടം. കൊച്ചി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. ശനിയാഴ്ച രാത്രി തുടങ്ങിയ മഴ ഇന്നലെ രാവിലെ വരെ ശക്തമായിരുന്നു. പലയിടങ്ങളിലും മരം കടപുഴകി വീഴുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. ചിലയിടങ്ങളിൽ കടകളിൽ വെള്ളം കയറിത്തുടങ്ങിയതോടെ കടകൾ അടച്ചിട്ടു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് വെള്ളത്തിൽ മുടങ്ങിയതോടെ ബസുകൾ സ്റ്റാൻഡിന് പുറത്തു നിറുത്തിയാണ് യാത്രക്കാരെ കയറ്റിയത്. എറണാകുളം വില്ലേജ് പരിധിയിൽ ജഡ്ജസ് അവന്യൂ അംബേദ്കർ കോളനി, ജേർണലിസ്റ്റ് കോളനി എന്നിവിടങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പമ്പിംഗ് നടത്തി. കടുങ്ങല്ലൂർ പഞ്ചായത്തിലെ ഉളിയന്നൂരിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ആലുവയിൽ നിന്നുള്ള ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ മരം മുറിച്ചു മാറ്റി. ആലുവയിൽ വീടുകൾക്ക് നാശനഷ്ടങ്ങളില്ല. പറവൂർ താലൂക്ക് ഏലൂർ വില്ലേജിൽ പുലർച്ചെ വേലിയേറ്റവും മഴയും കാരണം ഒന്നര മീറ്റർ ഉയരത്തിൽ വെള്ളം ഉയർന്നു. പറവൂർ താലൂക്കിലെ ഏലൂർ വടക്കുംഭാഗം ആശ്രയ ഭവൻ, കുഴികണ്ടം ഭാഗത്തെ 8 വീടുകളിലും, ഡിപ്പോ പരിസരങ്ങളിലും വെള്ളം കയറി. നാശ നഷ്ടങ്ങളില്ല. ഏലൂർ ഫെറി,​ മഞ്ഞുമ്മൽ ഭാഗങ്ങളിലെ വീടുകളിൽ വെള്ളം കയറി. മഞ്ഞുമ്മലിൽ 110 നമ്പർ റേഷൻകടയിൽ വെള്ളം കയറിയതിനെ തുടർന്ന് അരി, ഗോതമ്പ് എന്നിവ വെള്ളത്തിലായി. മഞ്ഞുമ്മൽ ശങ്കർ ഫാർമസിക്കടുത്ത് കിണർ ഇടിഞ്ഞുതാഴ്ന്നു. പറവൂർ താലൂക്ക് കുന്നുകര പഞ്ചായത്തിൽ പൂമംഗലത്ത് സുബാ സൈഗന്റെ വീടിന് സമീപത്തുള്ള തിട്ടയിൽ നിന്നും മണ്ണ് ഇടിഞ്ഞുവീണു. എളങ്കുന്നപ്പുഴയിൽ മരം റോഡിലേക്ക് മറിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. എടത്തല പഞ്ചായത്ത് വാർഡ് 21ൽ തേവർ പറമ്പിൽ ഷംസുവിന്റെ വീട്ടിലെ കാർപോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിലേക്ക് മതിൽ ഇടിഞ്ഞുവീണു. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ മതിൽനീക്കം ചെയ്ത് കാർ പുറത്തെടുത്തു. പാടത്തിക്കര പിണർമുണ്ട ഇൻഫോപാർക്ക് റോഡിൽ മുസ്ലിം പള്ളിക്ക് സമീപത്ത് റോഡ് ഇടിഞ്ഞു. മുളന്തുരുത്തി വില്ലേജിൽ അമ്പേലിമല ഭാഗത്ത് വീടിന് സമീപത്തേക്ക് മതിൽ ഇടിഞ്ഞു വീണു. ആളപായമോ നാശനഷ്ടങ്ങളോ ഇല്ല. പറവൂർ താലൂക്ക് ആലങ്ങാട് വില്ലേജിൽ കുന്നേൽ കൊടുവഴങ്ങ റോഡ് കനത്ത മഴയിൽ ഇടിഞ്ഞു.

 ദുരിതാശ്വാസ ക്യാമ്പ് തുറന്നു

വെള്ളക്കെട്ട് രൂക്ഷമായതിനെ കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. 18 കുടുംബങ്ങളിൽ നിന്നായി 7 പുരുഷന്മാരും 19 സ്ത്രീകളും 11 കുട്ടികളും അടക്കം 37 പേരാണ് ക്യാമ്പിലുള്ളത്.തൃക്കാക്കര വടക്ക് വില്ലേജിൽ ഒരു ക്യാമ്പ് ഹിൽവാലി സ്‌കൂളിൽ തുടങ്ങിയെങ്കിലും വെള്ളക്കെട്ട് ഒഴിഞ്ഞതോടെ ഇവർ വീട്ടിലേക്ക് മടങ്ങി. രണ്ട് കുടുംബങ്ങളിലെ മൂന്നു സ്ത്രീകളും മൂന്നു പുരുഷൻമാരുമായിരുന്നു ഇവിടെയുണ്ടായിരുന്നത്.


 ജാഗ്രതാനിർദ്ദേശം, റെഡ് അലർട്ട്

ജില്ലയിൽ ഇന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അതിതീവ്ര മഴ (റെഡ് അലർട്ട്) മുന്നറിയിപ്പ് വന്നതോടെ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി. താലൂക്കുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മുഴുവൻ താലൂക്കുകളിലും കൺട്രോൾ റൂമുകൾ ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ ജില്ലയിൽ 140.7 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. വരും ദിവസങ്ങളിൽ വേലിയേറ്റത്തിന്റെ നിരക്ക് സാധാരണയിൽ കൂടുതലാവാൻ സാദ്ധ്യത ഉള്ളതിനാൽ തീരദേശവാസികൾ കൂടുതൽ ജാഗ്രത പാലിക്കണം. വേലിയേറ്റ സമയങ്ങളിൽ കൂടുതൽ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യങ്ങളിൽ കടലിലേക്കുള്ള മഴവെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും സാദ്ധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾക്കുള്ള മത്സ്യബന്ധന വിലക്ക് അവസാനിക്കുന്നതുവരെ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം നിരോധിച്ചു.