ആലുവ: കനത്ത മഴയിൽ അശോകപുരത്ത് എം.എ ലോജിസ്റ്റിക്ക്സിന്റെ പുറകുവശത്തെ മതിൽ ഇടിഞ്ഞു വീണു. ദ്വീപു കോളനിയിലെ രണ്ടു വീടുകൾക്ക് തകരാർ സംഭവിച്ചു. മുപ്പതോളം വീടുകളിൽ വെള്ളം കയറി.
ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ പട്ടാടുപാടം, കൈതേലി തോട്, ശാന്തി ലൈൻ, കമ്പനിപ്പടിയിലെ ലയോള കോളനി, എഫ്.ഐ.റ്റിയുടെ പുറകുവശം, അമ്പാട്ടുകാവ്, പൈപ്പ് ലൈൻ-മട്ടുമ്മൽ റോഡ്, മാന്ത്രക്കൽ കനാൽ സൈഡ്, കരുവേലി മണപ്പുറം, കുന്നത്തേരി മെട്രോ യാർഡിനു പുറകുവശം എന്നിവിടങ്ങളിൽ റോഡിലും വീടുകളിലും വെള്ളം കയറി നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. പട്ടേരിപ്പുറത്ത് പെറുക്കാലിപ്പാടം തോട്ടിൽ മതിൽ ഇടിഞ്ഞു വീണു വെള്ളക്കെട്ട് ഉണ്ടായി. ഏഴാം വാർഡിൽ ചിറ റോഡിൽ ലൂയിസിന്റെ വീടിൽ പകുതി വരെ വെള്ളം കയറി. മനക്കപ്പടി, കൊടിക്കുത്തുമല, തായിക്കാട്ടുകര എന്നിവിടങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായി. അമ്പാട്ടുകാവ് പെട്രോൾ പമ്പിനു സമീപം ദേശീയ പാതയിൽ മണ്ണിടിഞ്ഞു. ഇലക്ട്രിക് പോസ്റ്റ് അപകടാവസ്ഥയിലായി. മുട്ടം മെട്രോ യാർഡിലെ തുരങ്കം വെള്ളം കയറി വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചതായി ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് പറഞ്ഞു.