ആലങ്ങാട് : അപ്രതീക്ഷിതമായി പെയ്ത മഴയിൽ കരുമാല്ലൂർ പാടശേഖരത്തിലെ നെൽകൃഷിയും കൊയ്തെടുത്ത നെല്ലും വെള്ളത്തിലായി. ആയിരം ഏക്കറിൽ മുണ്ടകൻ കൃഷി വിളവെടുത്ത പഞ്ചായത്തിൽ കരുമാല്ലൂർ പാടശേഖരത്തിലെ 250 ഏക്കറിലാണ് ഇത്തവണ പുഞ്ചകൃഷിയിറക്കിയത്. കഴിഞ്ഞ വ്യാഴാഴ്ച കൊയ്ത്ത് ആരംഭിച്ചപ്പോഴും മഴ ഭീഷണിയുണ്ടായിരുന്നു. 50 ഏക്കർ മാത്രമാണ് നിലവിൽ കൊയ്തെടുത്തത്. കൊയ്തെടുക്കാനാകാത്ത 200 ഏക്കർ വരുന്ന കൃഷി വെള്ളത്തിൽ മുങ്ങി. സിവിൽ സപ്ലൈസിൽ സംഭരണത്തിനുള്ള രജിസ്ട്രേഷൻ പൂർത്തിയാകാത്തതിനാൽ പാടശേഖരത്തിനു സമീപം കൊയ്തു ശേഖരിച്ചിരുന്ന നെല്ലും മഴ നനഞ്ഞു നശിച്ചു. വേനൽ മഴയുടെ ഭീഷണി നിലനിൽക്കുമ്പോഴും നെൽകൃഷിക്ക് ഇൻഷുറൻസ് പരിരക്ഷ മുൻകൂട്ടി ഉറപ്പാക്കാത്തതും വിനയായി.

പാലം പണിക്കായി

തോടടച്ചത് വിനയായി

കരുമാല്ലൂർ പാടശേഖരത്തിലേക്ക് വെള്ളമെത്തിക്കുന്ന രണ്ട് ഇറിഗേഷൻ പമ്പുകൾ കൊയ്ത്തിന്റെ ഭാഗമായി നിർത്തി വച്ചിരുന്നു. വയലിൽ കൂടുതലായി വരുന്ന വെള്ളം മുറിയാക്കൽ തോടു വഴി മാഞ്ഞാലി പുഴയിലേക്ക് ഒഴുക്കുകയാണ് ചെയ്തിരുന്നത്. എന്നാൽ മുറിയാക്കൽ പാലം പണിക്കായി തോട്ടിൽ തടയണ നിർമ്മിച്ചതാണ് മഴ വെള്ളം വയലിൽ കെട്ടിക്കിടന്ന് കൃഷി നാശത്തിന് ഇടയാക്കിയതെന്ന് കർഷകർ പറയുന്നു. വെള്ളം തോട്ടിലെ തടയണ കവിഞ്ഞൊഴുകുകയാണിപ്പോൾ.