sudhakara-prasad

കൊച്ചി: കേരളത്തിൽ ഏറ്റവും കൂടുതൽ കാലം അഡ്വക്കേറ്റ് ജനറലായിരുന്ന സി.പി. സുധാകര പ്രസാദിന് (81) അന്ത്യാഞ്ജലി.

ഇന്നലെ പുലർച്ചെ അന്തരി​ച്ച അദ്ദേഹത്തി​ന് ആദരാഞ്ജലി​ അർപ്പി​ക്കാൻ മുഖ്യമന്ത്രി​ പി​ണറായി​ വി​ജയൻ ഉൾപ്പെടെയുള്ള പ്രമുഖർ പൊന്നുരുന്നി​ ധന്യ ജംഗ്ഷനി​ലെ വീട്ടി​ലെത്തി. വൈകി​ട്ട് 4.30ന് സംസ്‌കാരം നടത്തി.

വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന 2006-2011ലും ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും (2016-2021) എ.ജിയായിരുന്നു. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് സ്‌മാർട്ട് സിറ്റി, എച്ച്.എം.ടി, ഗോൾഫ് ക്ളബ്ബ് ഏറ്റെടുക്കൽ, എസ്.എൻ.സി ലാവ്‌ലിൻ തുടങ്ങിയ കേസുകളിൽ സ്വീകരിച്ച നിലപാടുകൾ ശ്രദ്ധേയമായി.

ശ്രീനാരായണ ഗുരുദേവനെ ചികിത്സിച്ച പാരമ്പര്യമുള്ള തിരുവനന്തപുരം വർക്കല ചാവർകോട് മഹാവൈദ്യന്മാരുടെ തറവാട്ടിൽ സബ് രജിസ്ട്രാറായിരുന്ന എം. പദ‌്‌മനാഭന്റെയും കൗസല്യയുടെയും മകനായി 1940 ജൂലായ് 24നാണ് ജനിച്ചത്. കൊല്ലം എസ്.എൻ. കോളേജിലായിരുന്നു പ്രീഡിഗ്രി,ബിരുദ പഠനം.

തിരുവനന്തപുരം ലാ കോളേജിൽ നിന്ന് നിയമബിരുദം.1964 കൊല്ലത്ത് അഡ്വ. സി.വി. പരമേശ്വരൻപിള്ളയുടെ ജൂനിയറായി തുടക്കം.പിന്നീട് മുൻമന്ത്രി അഡ്വ. സി.വി പദ്‌മരാജന്റെ ജൂനിയറായി. 1965ൽ പി. സുബ്രഹ്മണ്യം പോറ്റിയുടെ ജൂനിയറായി കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങി. സുബ്രഹ്മണ്യം പോറ്റി ഹൈക്കോടതി ജഡ‌്‌ജിയായതോടെ മുൻ അഡ്വക്കേറ്റ് ജനറൽ കെ. സുധാകരനൊപ്പം ചേർന്നു. 58 വർഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. ആൾ ഇന്ത്യ ലായേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായിരുന്നു.

ഭാര്യ: എസ്. ചന്ദ്രിക. മക്കൾ: ഡോ. സിനി രമേഷ് (ഗൈനക്കോളജിസ്റ്റ്, അമൃത ആശുപത്രി), എസ്. ദീപക് പ്രസാദ് (എത്തിസലാത്ത്, ദുബായ്). മരുമക്കൾ: അഡ്വ. എസ്. രമേഷ്, നിലീന.കേരളകൗമുദി​ക്ക് വേണ്ടി​ കൊച്ചി​ യൂണി​റ്റ് ചീഫ് പ്രഭുവാര്യർ, ബ്യൂറോ ചീഫ് ടി.കെ. സുനിൽകുമാർ എന്നിവർ പുഷ്‌പചക്രം സമർപ്പി​ച്ചു.