പറവൂർ: ശക്തമായ കാറ്റിലും മഴയിലും വ്യാപകമായി മരങ്ങൾ വീണ് പലയിടത്തും നാശനഷ്ടമുണ്ടായി. നഗരസഭ ഒന്നാം വാർഡിൽ വൃന്ദാവൻ ബസ് സ്റ്റോപ്പിന് സമീപം പി.ഡബ്ല്യു.ഡി പുറമ്പോക്ക് ഭൂമിയിൽ നിന്ന മരം മറിഞ്ഞ് റോഡിന്റെ എതിർവശത്ത് താമസിക്കുന്ന ആലപ്പാട്ട് വർഗീസിന്റെ വീടിന്റെ ഗേറ്റിന്റെ മേൽക്കൂരയിലേക്ക് വീണു. മേൽക്കൂരയ്ക്ക് നാശനഷ്ടമുണ്ടായി.

പ്രദേശത്തെ മൂന്ന് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. മരം റോഡിനു കുറുകെ വീണതിനാൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. കാൽനടയായി ഒട്ടേറെയാളുകൾ നടക്കുകയും അനേകം വാഹനങ്ങൾ കടന്നുപോകുകയും ചെയ്യുന്ന വഴിയാണിത്. അപകടമുണ്ടായത്. ഇന്നലെ പുലർച്ചെയായതിനാൽ ദുരന്തം ഒഴിവായി. മുമ്പ് രണ്ട് തവണ ഇതുപോലെ മരം മറിഞ്ഞുവീണു പ്രദേശവാസിയായ കാഞ്ഞിരക്കാട്ട് കൊച്ചുവർക്കിയുടെ വീടിന്റെ മതിൽ തകർന്നതാണ്. ചിറ്റാറ്റുകര പഞ്ചായത്ത് ഏഴാം വാർഡിൽ താന്നിപ്പാടത്ത് കളപ്പുരയ്ക്കൽ കെ.കെ. സുലോചനയുടെ വീടിന് മുകളിലും മരം വീണു. ഇന്നലെ പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. വീടിന്റെ മേൽക്കൂരയുടെ ഒരുഭാഗം തകർന്നു. പുലർച്ചെ പലയിടങ്ങളിലും വൈദ്യുതി കമ്പിയിൽ മരം വീണു. നിരവധി പ്രദേശങ്ങളിൽ വൈദ്യുതി തടസമുണ്ടായി.