തൃപ്പൂണിത്തുറ: സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ വയറിംഗ് തൊഴിലാളികൾക്ക് മതിയായ പ്രാതിനിധ്യം നൽകണമെന്ന് കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (കെ.ഇ.ഡബ്ല്യു.എസ്.എ) നാലാമത് സംസ്ഥാന സമ്മേളനം സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ടു. തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ നടന്ന സമ്മേളനം കെ.ബാബു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എൻ.ബി.മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. ഫയർ ആൻഡ് റസ്ക്യു റീജിയണൽ ഫയർ ഓഫീസർ രാജേഷ് എം.ജി മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ സംസ്ഥാന ജന.സെക്രട്ടറി പി.എൻ. ഉമാശങ്കർ, ജനറൽ കൺവീനർ കെ.എൽ.വിനോദ്കുമാർ, ഇ.പി.സാജു, സി.കെ.ജെറി, മനോജ് കെ. തമ്പി തുടങ്ങിയവർ പ്രസംഗിച്ചു. മികച്ച വില്ലേജ് ഓഫീസർക്കുള്ള പുരസ്കാരം ലഭിച്ച നടമ ഓഫീസർ എസ്. അമ്പിളിയെ ആദരിച്ചു. എസ്.എസ്.എൽ.സി പരീക്ഷ എഴുതി തുടർപഠനത്തിനായി കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്കായി റിട്ട. പ്രൊഫസർ പി.എസ്. മൃത്യുഞ്ജയനും, സോളാറിന്റെ ആവശ്യകതയെക്കുറിച്ച് കേരള റിന്യൂവൽ എനർജി എന്റർപ്രൈസേഴ്സ് ആൻഡ് അസോസിയേഷൻ പ്രസിഡന്റ് സി.എം. വർഗീസും ക്ലാസ് നയിച്ചു. പ്രതിനിധി സമ്മേളനം അഡ്വ. വി.കെ.കിഷോർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എൻ.ബി. മധുസൂദനൻ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ജോ.സെക്രട്ടറി പി.ആർ.വാസുദേവൻ, കൺവീനർ ആർ.ഗിരീഷ് തുടങ്ങിയവർ പ്രസംഗിച്ചു.