വൈപ്പിൻ: ശക്തമായ കാറ്റിലും മഴയിലും വൈപ്പിൻ മേഖലയിൽ വ്യാപകമായി നാശനഷ്ടങ്ങളുണ്ടായി. ശനിയാഴ്ച രാത്രിയിലും ഇന്നലെ പുലർച്ചെയുമായുണ്ടായ മഴയിൽ വിവിധ ഇടങ്ങളിൽ മരങ്ങളും വൈദ്യുതി ലൈനുകളും നിലം പതിച്ചു. ചെറായി ഡിസ്‌പെൻസറി പടിഞ്ഞാറ്, സഹോദരൻ ഹൈസ്‌കൂളിന് പടിഞ്ഞാറ് എന്നിവിടങ്ങളിൽ തെങ്ങുകളും മരങ്ങളും വീണ് വൈദ്യുതി ലൈനുകൾ പൊട്ടി വീണു.

ചെറായി കൈരളി റോഡിന് കിഴക്ക് കവുങ്ങ് വീണു. ചെറായി സാമൂഹ്യ ക്ഷേമ സംഘത്തിന് സമീപം മാവ് മറിഞ്ഞു വീണുംവൈദ്യുതി ലൈനുകൾ പൊട്ടി വീണു. മുനമ്പം ജനഹിത ബീച്ച് റോഡ്, ചെറായി ഇന്ദ്രിയ റിസോർട്ടിന് മുൻവശം, ചെറുവൈപ്പ് കിഴക്ക്, എളങ്കുന്നപ്പുഴ സുബ്രമണ്യ ക്ഷേത്രത്തിന് സമീപം എന്നിവിടങ്ങളിലും തെങ്ങുകളും മരങ്ങളും വീണു. ഇവിടങ്ങളിലെ വൈദ്യുതി ലൈനുകൾ പൊട്ടി വീണു. ഞാറക്കൽ ഭാഗങ്ങളിൽ തോടുകൾ നിറഞ്ഞ് കവിഞ്ഞ് വീടുകളലേക്ക് വെള്ളം കയറി. ഞാറക്കലി ൽ ഏഴ് സ്ഥലങ്ങളിൽ തെങ്ങുകളും മരങ്ങളും വീണ് വൈദ്യുതി ലൈനുകൾ പൊട്ടി. എളങ്കുന്നപ്പുഴ, പുതുവൈപ്പ് പ്രദേശങ്ങളിൽ വ്യാപകമായി വെള്ളം കയറി.