
മൂവാറ്റുപുഴ: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. വൈക്കം കുലശേഖരമംഗലം മറവൻതുരുത്ത് നികർത്തിൽ വീട്ടിൽ അനൂപിനെയാണ് (36) മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
വാളകം മേക്കടമ്പ് ഭാഗത്ത് താമസിക്കുന്ന കോഴിക്കോട് സ്വദേശിയായ യുവാവിനെയാണ് അനൂപും കൂട്ടാളികളായ അഞ്ച് പേരും ചേർന്ന് കലൂരിൽ നിന്നും തട്ടിക്കൊണ്ടുപോയി വൈക്കത്തുള്ള ഹോട്ടലിൽ തടങ്കലിൽ പാർപ്പിച്ച് പീഡിപ്പിച്ചത്.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. പ്രതികളിൽ ഒരാളിൽ നിന്നും വാങ്ങിയ 10 ലക്ഷം രൂപ തിരികെ കൊടുക്കുന്നതിന് താമസം നേരിട്ടതിലുള്ള വിരോധത്തിലായിരുന്നു മർദ്ദനം. ശാരീരികമായി ഉപദ്രവിച്ചതിനു പുറമെ യുവാവ് വാടകയ്ക്ക് താമസിക്കുന്ന മേക്കടമ്പിലുള്ള വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ സിനിമ മേഖലയിൽ വാടകയ്ക്ക് നൽകുന്ന ഒരു കോടി രൂപയോളം വിലവരുന്ന ഉപകരണങ്ങൾ കാറിൽ കയറ്റിക്കൊണ്ടുപോകുകയും ഭാര്യയേയും മകളേയും അമ്മയേയും ഉപദ്രവിക്കുകയും ചെയ്തു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ഡി.വൈ.എസ്.പി. മുഹമ്മദ് റിയാസ്, ഇൻസ്പെക്ടർ എം.കെ. സജീവ്, എസ്.ഐമാരായ ശശികുമാർ, വി.കെ.എൽദോസ്, എ.എസ്.ഐമാരായ സി.എം.രാജേഷ്, സുനിൽ സാമുവൽ , പി.എസ്. ജോജി, പി.സി.ജയകുമാർ എസ്.സി.പി.ഒമാരായ സ്വരാജ്, ബേസിൽ സ്കറിയ, സനൽ വി. കുമാർ, പി. എം. രതീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.