
പനങ്ങാട്: വയോധികനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. പനങ്ങാട് മഠത്തിപറമ്പിൽ കുഞ്ഞപ്പന്റെ (74) മരണവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവർ പനങ്ങാട് വ്യാസപുരം സ്വദേശി ഷാൻ കുമാറിനെയാണ് (26) പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച്ച രാവിലെയാണ് കുഞ്ഞപ്പനെ ഭജനമഠത്തിനു സമീപം ആര്യവൈദ്യ ഫാർമസിയുടെ മുന്നിൽ റോഡരികിലെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ആദ്യമേ സംശയം ഉയർന്നിരുന്നു.
ശനിയാഴ്ച്ച രാത്രി ഓട്ടോറിക്ഷ ഇടിച്ച് പരിക്ക് പറ്റിയ കുഞ്ഞപ്പനെ ആശുപത്രിയിൽ എത്തിക്കാതെ ഡ്രൈവർ ഷാൻകുമാർ കടന്നു കളയുകയായിരുന്നു എന്ന് പിന്നീട് വ്യക്തമായി. തുടർന്ന് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച പനങ്ങാട് പൊലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. പനങ്ങാട് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചശേഷം മൃതദേഹം സംസ്കരിച്ചു.