ആലുവ: സീനിയർ വെറ്ററൻ ചാമ്പ്യൻ ജോസ് മാവേലി നീന്തലിലും ദേശീയ താരമായി. പാൻഇന്ത്യ മാസ്റ്റേഴ്‌സ് ഗെയിംസ് ഫെഡറേഷൻ ബംഗളൂരുവിൽ സംഘടിപ്പിച്ച ദേശീയ നീന്തൽമത്സരത്തിൽ 50 മീറ്റർ, 100 മീറ്റർ ഫ്രീസ്റ്റൈൽ ഇനങ്ങളിൽ 70+ വിഭാഗത്തിലാണ് ജോസ് മാവേലി രണ്ട് വെങ്കലമെഡലുകൾ നേടിയത്.
ഓട്ടമത്സരങ്ങളിൽ നിരവധിതവണ ദേശീയ ചാമ്പ്യനായിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ദേശീയനീന്തൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതും മെഡലുകൾ നേടുന്നതും. അടുത്തിടെ ദീർഘദൂര ഓട്ടത്തിലും ജോസ് മാവേലി മിന്നുംപ്രകടനം കാഴ്ചവച്ചിരുന്നു. 10 കിലോമീറ്റർ പിന്നിടാൻ 71കാരനായ ജോസ് മാവേലി 63മിനിറ്റും 31സെക്കൻഡുമാണെടുത്തത്. യുണൈറ്റഡ് നാഷണൽ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച ജോസ് മാവേലി 100, 200, 400 മീറ്റർ ഓട്ടത്തിൽ സ്വർണമെഡലുകൾ നേടിയും നാഷണൽ മാസ്റ്റേഴ്‌സ് മീറ്റിൽ 100, 200 മീറ്റർ ഓട്ടത്തിലും 300 മീറ്റർ ഹർഡിൽസിലും സ്വർണംനേടിയും ഇതിനുമുമ്പ് മൂന്നുതവണ ജോസ് മാവേലി ദേശീയചാമ്പ്യനായിട്ടുണ്ട്. ഏഷ്യൻമീറ്റിൽ ഏഷ്യയിലെ ഏറ്റവും വേഗതയേറിയ വെറ്ററൻ ഓട്ടക്കാരൻ എന്ന പദവി നേടി. 2006ൽ ഏഷ്യൻമീറ്റിൽ 100 മീറ്ററിൽ വെള്ളിയും 2010ൽ വെങ്കലവും നേടി.
ആലുവ ജനസേവ ശിശുഭവന്റെ സ്ഥാപകനും മുൻചെയർമാനുമാണ്. കുട്ടികളിലെ കായികപ്രതിഭ വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ജനസേവ സ്‌പോർട്‌സ് അക്കാഡമിയും അദ്ദേഹം ആരംഭിച്ചു. ഇതിലൂടെ 2022ലെ കേരള സന്തോഷ് ട്രോഫി ടീമിൽ ഇടംനേടിയ ബിബിൻ അജയൻ അടക്കം നിരവധി കുട്ടികൾ വിവിധ കായികവിഭാഗങ്ങളിൽ ജില്ലാ, സംസ്ഥാനതലത്തിൽ മികവ് പുലർത്തി പ്രതിഭ തെളിയിച്ചിട്ടുണ്ട്.