ആലുവ: യഥാസമയം പൊതുകാനകൾ ശുചീകരിക്കാതെ നഗരവാസികളെയും വ്യാപാരികളെയും ദുരിതത്തിലാക്കിയ ആലുവ നഗരസഭയ്ക്കെതിരെ വ്യാപക പ്രതിഷേധം. കഴിഞ്ഞ ദിവസത്തെ മഴയിൽ രണ്ട് ഡസനിലേറെ വീടുകളിലും ഇരുപത്തഞ്ചോളം കച്ചവട സ്ഥാപനങ്ങളിലുമാണ് വെള്ളം കയറിയത്. 30 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം വ്യാപാരികൾക്ക് മാത്രമുണ്ടായി. വീടുകളിലെ നാശം ഇതിന് പുറമെയാണ്.
നഗരസഭയ്ക്ക് മുമ്പിൽ എൽ.ഡി.എഫ് ധർണ
മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാകാതെ ശാസ്ത്രീയമായി കാനകൾ നവീകരിക്കുന്നതിൽ നഗരസഭ പരാജയപ്പെട്ടതായി എൽ.ഡി.എഫ് ആലുവ മുനിസിപ്പൽ കമ്മിറ്റി ആരോപിച്ചു. പുതിയ കാന നിർമ്മിച്ച സ്ഥലത്തും മുമ്പത്തേക്കാളുമധികം വെള്ളക്കെട്ട് അനുഭവപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ ധനസഹായം കിട്ടിയിട്ടും മഴക്കാലപൂർവ ശുചീകരണം നടത്തിയില്ല. എൽ.ഡി.എഫ് പ്രവർത്തകർ നഗരസഭയിലേക്ക് നടത്തിയ മാർച്ചും ധർണയും സി.പി.എം ഏരിയാ കമ്മിറ്റി അംഗം എം.ജെ. ടോമി ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി അബ്ദുൽ കരീം അദ്ധ്യക്ഷത വഹിച്ചു.
കൗൺസിലർ ശ്രീലത വിനോദ്കുമാർ, കെ.ഐ. കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി പോൾ വർഗീസിന്റെ നേതൃത്വത്തിൽ കൗൺസിലർമാർ മുനിസിപ്പൽ ചെയർമാനെ സന്ദർശിച്ച് അടിയന്തര പരിഹാരം ആവശ്യപ്പെട്ടു.
വ്യാപാരികൾ നഗരസഭ ഉപരോധിച്ചു
ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം മാർക്കറ്റ് റോഡിലെയും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തെയും വ്യാപാരികൾ സ്ഥിരമായി വർഷകാലത്ത് അനുഭവിക്കുന്ന വെള്ളക്കെട്ട് ഉടൻ പരിഹരിക്കണമെന്നും വ്യാപാരസ്ഥാപനങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ആലുവ മർച്ചന്റസ് അസോസിയേഷൻ നഗരസഭ ഓഫീസ് ഉപരോധിച്ചു.
നഗരത്തിലെ വെള്ളക്കെട്ടിൽ വ്യാപാരസ്ഥാപനങ്ങൾക്ക് വ്യാപകമായ നാശനഷ്ടമാണ് ഉണ്ടായത്. ചെറിയ മഴയ്ക്കുപോലും വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറുന്ന അവസ്ഥയാണ്. വ്യാപാരികൾക്ക് 30 ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. നഷ്ടപരിഹാരം ആവശ്യപ്പെട്ടു വ്യാപാരികൾ ചെയർമാന് നിവേദനം നൽകി. സ്വകാര്യ ബസ്‌സ്റ്റാൻഡ് പരിസരത്തു നിന്ന് പ്രകടനവും നടന്നു. ആലുവ മർച്ചന്റസ് അസോസിയേഷൻ പ്രസിഡന്റ് ഇ.എം. നസീർ ബാബു, ജോണി മൂത്തേടൻ, എം. പത്മനാഭൻനായർ, സെക്രട്ടറി കെ.സി. ബാബു, യൂത്ത് വിംഗ് പ്രസിഡന്റ് അജ്മൽ കാമ്പായി എന്നിവർ സംസാരിച്ചു.