കൊച്ചി: മഴ ശക്തമായതോടെ വടുതല ബണ്ട് പ്രദേശത്തെ വീടുകളിൽ വെള്ളം കയറി. ശനി, ഞായർ ദിവസങ്ങളിലായി മഴ കനത്തതോടെ വെള്ളം സ്വാഭാവിക ഒഴുക്കിനെതിരായി വടുതല പ്രദേശത്തേക്ക് തിരിച്ചുകയറുകയും ചെയ്തു.
പച്ചാളം, കളമശേരി, ചങ്ങാടംപൊക്ക് തോട്, കുറുങ്കോട്ട ദ്വീപ്, വടുതല, കിഴക്കൻ വടുതല, ഡോൺബോസ്‌കോ, താന്തോന്നിത്തുരുത്ത്, പൈനടിദ്വീപ് പ്രദേശങ്ങളിലാണ് ജലനിരപ്പ് ഉയർന്നതും വീടുകളിൽ വെള്ളം കയറിയതും. ബണ്ടിലും സമീപത്തും മാലിന്യങ്ങൾ കൂടുതലായി അടിയുന്നുമുണ്ട്. ബണ്ടുമൂലം സ്വാഭാവിക ഒഴുക്ക് തടസപ്പെട്ടതിനാൽ വെള്ളം പരന്നൊഴുകുന്നതാണ് വീടുകളിൽ വെള്ളം കയറാൻ കാരണം.
ആശങ്ക...
കുറുങ്കോട്ട ദ്വീപിൽ 65ഉം താന്തോന്നിത്തുരുത്തിൽ 45ഉം കുടുംബങ്ങളുണ്ട്. പൈനടി ദ്വീപിൽ ആൾത്താമസമില്ല. ബണ്ടിൽ മാലിന്യങ്ങളും മണ്ണും ചെളിയുമെല്ലാം അടിഞ്ഞ് ഒഴുക്ക് തടസപ്പെട്ടിരിക്കുന്നതിനാൽ കനത്ത മഴപെയ്താൽ ജലനിരപ്പ് വൻതോതിൽ ഉയരുമെന്ന് ഇറിഗേഷൻ വകുപ്പ് നേരത്തെ, റിപ്പോർട്ട് നൽകിയിട്ടുള്ളതാണ്. ഡോൺബോസ്‌കോ പ്രദേശത്തും ടി.കെ.സി റോഡിലെ കനാലുകളിലേക്കും വെള്ളം തിരിച്ചു കയറുന്നുണ്ട്.
2018ലെയും 2019ലെയും വെള്ളപ്പൊക്ക സമയത്ത് ഈ പ്രദേശങ്ങളിലെ ജനങ്ങൾക്ക് വലിയ ദുരിതമാണ് നേരിടേണ്ടിവന്നത്. കഴിഞ്ഞ വർഷവും ഈ പ്രദേശങ്ങളിൽ വെള്ളം കയറിയിരുന്നു. ഇതേത്തുടർന്നാണ് ബണ്ട് പൊളിച്ച് അവശിഷ്ടങ്ങൾ നീക്കണമെന്ന ആവശ്യം വീണ്ടും സജീവമായത്. ഇറിഗേഷൻ വകുപ്പിന്റെ റിപ്പോർട്ടിൽ 50 കിലോമീറ്ററിലേറെ വെള്ളപ്പൊക്ക സാദ്ധ്യത പ്രവചിച്ചിട്ടും കോടതി വരെ ഇടപെട്ടിട്ടും അധികാരി വർഗ്ഗത്തിനു മാത്രം ഇതുവരെ കണ്ണു തുറന്നിട്ടില്ല.
കളക്ടറുടെ യോഗം ഇന്ന്
ജില്ലയിലെ വിവിധയിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലെ മഴയേത്തുടർന്നുണ്ടായ വെള്ളക്കെട്ടും മറ്റ് ദുരിതങ്ങളും സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് കളക്ടർ ജാഫർ മാലിക് ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ വടുതല ബണ്ട് പ്രദേശത്തെ ദുരിതം സംബന്ധിച്ച് വിവരങ്ങൾ അവതരിപ്പിക്കുമെന്ന് ഇറിഗേഷൻ വകുപ്പ് അധികൃതർ അറിയിച്ചു.
സർക്കാർ ഉറപ്പ് പാഴ്‌വാക്കായി
2022 ജൂണിന് മുൻപ് ബണ്ട് നീക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ജില്ലയിൽ നിന്നുള്ള മന്ത്രി പി. രാജീവും ഉറപ്പ് നൽകിയിരുന്നെങ്കിലും അതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പോലും നടന്നില്ല. മാത്രമല്ല കോടതി വിധിക്ക് പിന്നാലെ ബണ്ട് നീക്കാൻ സർക്കാർ പോർട്ട് ട്രസ്റ്റിനോട് ആവശ്യപ്പെട്ടു. ഇത് സാദ്ധ്യമല്ലെന്ന് കാട്ടി പോർട്ട് ട്രസ്റ്റ് കോടതിയ സമീപിച്ചതോടെ പ്രശ്‌നം അനക്കമില്ലാതായി.