വൈപ്പിൻ: എളങ്കുന്നപ്പുഴ പഞ്ചായത്തിലെ പുതുവൈപ്പ് തീരപ്രദേശവാസികൾ വീണ്ടും രൂക്ഷമായ വെള്ളക്കെട്ടിന്റെ ദുരിതക്കയത്തിലായി. മഴവെള്ളം ആർ.എം.പി തോട്ടിലൂടെ ഒഴുകിപ്പോകാത്തതിനാൽ പുരയിടങ്ങളിലും ഇടവഴികളിലുമൊക്കെ വെള്ളം കെട്ടിക്കിടക്കുകയാണ്.
തോടിന്റെ നികന്നുകിടക്കുന്ന വായ്ഭാഗം തുറന്ന് നീരൊഴുക്ക് സുഗമമാക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടു. ഇവിടം കൊച്ചിൻ പോർട്ട് ട്രസ്റ്റിനെക്കൊണ്ട് തുറപ്പിക്കാനുള്ള ഇടപെടലുകൾ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് പഞ്ചായത്ത് മുൻ മെമ്പർ സി.ജി. ബിജു പറഞ്ഞു. കൊച്ചിൻ പോർട്ടിൽനിന്ന് ഈ പ്രവൃത്തിക്കായി എൻ.ഒ.സി വാങ്ങുകയും കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയും ബ്ലോക്ക് പഞ്ചായത്തും വകയിരുത്തിയ ഫണ്ടിൽ 33 ലക്ഷം രൂപ ഉണ്ടായിട്ടും അതിൽനിന്ന് 5 ലക്ഷത്തിൽത്താഴെ ചെലവഴിച്ചാൽ ആർ.എം.പി തോടിന്റെ വായ് ഭാഗം തുറന്ന് ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്താൻ കഴിയുമായിരുന്നു. മഴപെയ്താലും വേലിയേറ്റം ശക്തമായാലും പുതുവൈപ്പ് തീരമേഖലയിൽ വെള്ളം കെട്ടിക്കിടന്ന് ജനജീവിതം ദുസ്സഹമാണ്.

ഇറിഗേഷൻ വകുപ്പ്, എളങ്കുന്നപ്പുഴ പഞ്ചായത്ത് എന്നിവയുടെ ഭാഗത്തുനിന്ന് ചെയ്യേണ്ടതായ ജോലികൾ മുഴുവൻ പൂർത്തീകരിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ് പറഞ്ഞു. തോടിന്റെ വായ്ഭാഗത്ത് അടിഞ്ഞുകിടക്കുന്ന ചെളിയും മാലിന്യവും നീക്കം ചെയ്യുന്നതിന് കൊച്ചിൻപോർട്ട് ട്രസ്റ്റിനെ പഞ്ചായത്ത് സമീപിച്ചിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ദുരന്തനിവാരണ അതോറിറ്റിക്കാണ് അതിനുള്ള അധികാരമെന്നാണ് പോർട്ട് ട്രസ്റ്റിന്റെ നിലപാട്. പ്രശ്നത്തിന് ശാസ്ത്രീയപഠനം നടത്തി പരിഹാരം തേടണമെന്ന ആവശ്യവുമായി എളങ്കുന്നപ്പുഴ പഞ്ചായത്ത് മുഖ്യമന്ത്രിക്ക് നിവേദനം നൽയിട്ടുണ്ട്.