പള്ളുരുത്തി: റോഡെന്ന പ്രതീക്ഷയിൽ വർഷങ്ങളായി കാത്തിരിക്കുകയാണ് പള്ളുരുത്തി 19-ാം ഡിവിഷനിലെ നവജീവൻ ലെയ്നിലെ താമസക്കാർ. കഴിഞ്ഞ കൗൺസിലിന്റെ ഭരണകാലത്തുണ്ടായ പ്രളയത്തിൽ വഴിയുടെ ബൈലെയ്നിൽ താമസിക്കുന്നവരുടെ വീടുകളും അങ്കണവാടിയും മുങ്ങിയിരുന്നു. ഇതിനെത്തുടർന്ന് അന്നത്തെ കൗൺസിലർ ആയിരുന്ന തമ്പി സുബ്രഹ്മണ്യനെ നേരിൽ കണ്ട് പ്രദേശവാസികൾ പരാതി നൽകിയതിന്റെ ഫലമായി ഡിവിഷൻ ഫണ്ട് ഉപയോഗിച്ച് വഴി നന്നാക്കാൻ തീരുമാനമായി. തുടർന്ന് രാമകൃഷ്ണൻ എന്ന കോൺട്രാക്ടർ ജോലി ഏറ്റെടുക്കുകയും 2020 നവംബറിൽ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. എന്നാൽ നാളിതുവരെയായി നിർമ്മാണപ്രവർത്തനം പൂർത്തിയാക്കിയിട്ടില്ല. രണ്ടുവർഷത്തിന് ശേഷം അടുത്ത കാലവർഷം എത്താറായിട്ടും വഴി നന്നാക്കാനായിട്ടില്ലെന്ന് സുകൃതം റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. മാത്രമല്ല വഴി നന്നാക്കാത്തിനാൽ വലിയ ഗതാഗത തടസ്സമാണ് ഇവിടെ ഉണ്ടാകുന്നത്. അടുത്ത പ്രളയം ഉണ്ടാകാൻ ഏറെ സാദ്ധ്യതയുള്ള പ്രദേശത്ത് യാതൊരും പ്രവർത്തനവും നടത്താൻ ജനപ്രതിനിധികൾ തയ്യാറാകുന്നില്ലെന്നും ഇവർ ആരോപിക്കുന്നു.