
മൂവാറ്റുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൽ.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധധർണ നടത്തി. കൗൺസിലർ കെ.ജി. അനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു. കൗൺസിൽമാരായ പി.വി. രാധാകൃഷ്‌ണൻ, നിസ അഷറഫ്, ഫൗസിയ അലി, മീരാ കൃഷ്‌ണൻ, പി.എം. സലീം, ജാഫർ സാദിക്ക്, നെജില ഷാജി എന്നിവർ സംസാരിച്ചു.
മാലിന്യസംസ്‌കരണ യൂണിറ്റുകളുടെ വിതരണം പൂർത്തിയാക്കുക, ശോച്യാവസ്ഥയിലായ നഗരറോഡുകൾ നവീകരിക്കുക, നഗരത്തിലെ തെരുവ് വിളക്കുകൾ തെളിക്കുക, മഴക്കാലപൂർവ ശുചീകരണം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇടതുപക്ഷ കൗൺസിലർമാർ നെഹ്രുപ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധസമരം നടത്തിയത്.
നഗരസഭയിലെ 1050ഓളം ഗുണഭോക്താക്കളിൽനിന്ന് ഗുണഭോക്തൃവിഹിതം കൈപ്പറ്റിയിട്ടും നാളിതുവരെയായിട്ടും മാലിന്യസംസ്‌കരണ യൂണിറ്റിന്റെ വിതരണം പൂർത്തിയാക്കിയിട്ടില്ലെന്നും നഗരസഭയിലെ പ്രധാന റോഡുകളായ ജനശക്തി - തൃക്കറോഡ്, ഇ.എം.എസ് റോഡ്, സെൻട്രൽ വാഴപ്പിള്ളി റോഡ്, കീച്ചേരിപ്പടി ആസാദ് റോഡ്, പേട്ടറോഡ് അടക്കമുള്ള പ്രധാന റോഡുകളെല്ലാം തകർന്ന് കാൽനടയാത്രപോലും ദുസ്സഹമായിരിക്കുകയാണ്. ഈ റോഡുകൾ നവീകരിക്കണമെന്ന് കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. മഴക്കാല ശുചീകരണത്തിന്റെ പേരിൽ കൊട്ടിഘോഷിച്ച് വാർഡുകൾതോറും ഉദ്‌ഘാടന മാമാങ്കങ്ങൾ നടത്തിയതല്ലാതെ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടില്ല. ശുചീകരണ തൊഴിലാളികളുടെ കുറവ് പരിഹരിക്കണമെന്ന് കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ശുചീകരണം പൂർത്തിയാക്കുവാൻ നഗരസഭയിലെ ആരോഗ്യവിഭാഗം തയ്യാറാകുന്നില്ല. പ്രധാനപ്പെട്ട ജംഗ്‌ഷനുകളിലെ വഴിവിളക്കുകൾ തെളിയാതായിട്ട് മാസങ്ങളായി.