#20ന് സംയുക്ത യൂണിയനുകളുടെ സൂചനാസമരം
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ചില കരാർ കമ്പനികളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ ചൂഷണത്തിനെതിരെ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങുന്നു. 20ന് രാവിലെ ആറുമുതൽ 24 മണിക്കൂർ സൂചനാപണിമുടക്ക് നടത്തുമെന്ന് ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു യൂണിയൻ നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ മൂന്ന് വർഷമായി നിയമാനുസൃത ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക് നൽകിയിട്ടില്ല. ഡി.എ വർദ്ധിപ്പിക്കാതെയും ഇൻക്രിമെന്റ് നൽകാതെയും ചൂഷണം ചെയ്യുകയാണ്. ഡി.എൽ.ഒയുടെ സാന്നിദ്ധ്യത്തിൽ പലവട്ടം അനുരഞ്ജനചർച്ച നടത്തിയിട്ടും തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുവാൻ ചില കമ്പനികൾ തയ്യാറായിട്ടില്ല. എന്നാൽ സിയാലിലെ ഭൂരിപക്ഷം വരുന്ന കമ്പനികളും ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് കരാറിൽ ഒപ്പിട്ടിട്ടുണ്ട്. കരാർ കമ്പനികളുമായി സിയാൽ കരാറിൽ ഏർപ്പെടുമ്പോൾ തൊഴിലാളികൾക്ക് നൽകുവാനുള്ള എല്ലാ ആനുകൂല്യങ്ങളും നൽകണമെന്ന് വ്യവസ്ഥയുണ്ട്. ഇത് കരാർ കമ്പനികൾ ലംഘിക്കുകയാണെന്ന് യൂണിയൻ നേതാക്കൾ ആരോപിച്ചു.
സമരത്തിന്റെ ഭാഗമായി 19ന് വൈകിട്ട് സിയാൽ കവാടത്തിൽ പ്രതിഷേധയോഗവും ചേരും. അഞ്ഞൂറോളം കരാർ തൊഴിലാളികളാണ് സമരത്തിൽ പങ്കെടുക്കുന്നത്. ഐ.എൻ.ടി.യു.സി നേതാക്കളായ വി.പി. ജോർജ്, ജീമോൻ കയ്യാല, ഷിജോ തച്ചപ്പിള്ളി, ആന്റണി ജോർജ്, സി.ഐ.ടി.യു നേതാക്കളായ ഇ.പി. സെബാസ്റ്റ്യൻ, സുരേഷ് അപ്പനക്കുഴി, സി.എം. തോമസ്, തൊഴിലാളികളായ ലീന അച്ചു, രജിത രഘു, ബിന്ദു സാജു, മിനി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.