കൊച്ചി: ഡിവിഷൻ ഇളക്കിമറിച്ച തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഒടുവിൽ എറണാകുളം സൗത്ത് 62-ാം ഡിവിഷനിലെ വോട്ടർമാർ ഇന്ന് പോളിംഗ്‌ബൂത്തിലെത്തും. മഹിളാമോർച്ച ദേശീയ സെക്രട്ടറി പത്മജ. എസ്. മേനോനാണ് എൻ.ഡി.എ സ്ഥാനാർത്ഥി. കൊച്ചി സ്മാർട്ട് സിറ്റി മിഷൻ മുൻ ഉദ്യോഗസ്ഥ അനിതാ വാര്യരാണ് യു.ഡി.എഫിന്റെ സ്ഥാനാർത്ഥി. എസ്.അശ്വതി എൽ.ഡി.എഫ് സ്വതന്ത്രയായി മത്സരിക്കുന്നു.

മഴ ചതിക്കുമോയെന്ന ഭീതിയിലാണ് സ്ഥാനാർത്ഥികൾ. കനത്ത മഴ പെയ്താൽ വോട്ടർമാർ പുറത്തിറങ്ങാൻ മടിക്കുമെന്ന ഭീഷണി മുന്നണികളുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നു. ബൂത്തുകൾ വെള്ളത്തിലാകുമെന്നതാണ് മറ്റൊരു ആശങ്ക. ചിറ്റൂർ റോഡ് എസ്.ആർ.വി സ്കൂളിലെ രണ്ട് ബൂത്തുകളിലും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമുള്ള കരിത്തല സെന്റ് ജോസഫ് യു.പി സ്കൂളിലും ശക്തമായ മഴ പെയ്താൽ വെള്ളം കയറാൻ സാദ്ധ്യതയുണ്ട്. വാരിയം റോഡിലെ ചിൻമയ വിദ്യാലയത്തിലാണ് നാലാം ബൂത്ത്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഫലം നാളെ അറിയാം.

 ഇളക്കിമറിച്ച് പ്രചാരണം

കഴിഞ്ഞ മൂന്ന് ആഴ്ചയായി ഡിവിഷൻ തിരഞ്ഞെടുപ്പ് ചൂടിലായിരുന്നു. സ്ഥാനാർത്ഥികളുടെ ആകർഷകമായ പോസ്റ്ററുകളായിരുന്നു പ്രധാന പ്രചാരണായുധം. കേന്ദ്രസഹമന്ത്രി മുതൽ സൂപ്പർതാരം സുരേഷ്‌ഗോപി വരെയുള്ള താരപ്രമുഖർ പത്മജയ്ക്ക് വോട്ടു ചോദിച്ച് ഡിവിഷനിലെത്തി.

ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ. എ തുടങ്ങിയവർ യു.ഡി. എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്നു. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ കൊട്ടിക്കലാശത്തിന് കൊഴുപ്പുകൂട്ടി.

നിശബ്ദപ്രചാരണത്തിലാണ് തുടക്കംമുതൽ എൽ.ഡി. എഫ് ശ്രദ്ധവച്ചത്. മേയർ എം.അനിൽകുമാറാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. കൗൺസിലർ മിനി ആർ.മേനോന്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കൊച്ചി കോർപ്പറേഷനിലെ 22 ഡിവിഷനുകൾ തൃക്കാക്കര മണ്ഡലത്തിന്റെ ഭാഗമാണ്. അതിനാൽ തന്നെ തിരഞ്ഞെടുപ്പു ഫലം തൃക്കാക്കരയിലെ പ്രചാരണത്തിലും ചലനമുണ്ടാക്കും.

 നിർണ്ണായകം

ഉപതിരഞ്ഞെടുപ്പിന്റെ ഫലം മൂന്നു മുന്നണികൾക്കും നിർണ്ണായകമാണ്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ നിലവിലുള്ള ടാക്സ് അപ്പീൽ കമ്മിറ്റി ചെയർമാൻ സ്ഥാനം ബി.ജെ.പിക്ക് നഷ്ടമാകും. വിജയിച്ചാൽ സ്വതന്ത്രൻമാരുടെ സഹായത്തോടെ ഭരണം പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ് ഒരു സീറ്റു കൂടി ലഭിച്ചാൽ ആത്മവിശ്വാസത്തോടെ മുന്നോട്ടു നീങ്ങാമെന്നാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ. 40 വർഷത്തോളം യു.ഡി.എഫിന്റെ ഉറച്ച കോട്ടയായിരുന്ന സൗത്ത് ഡിവിഷൻ കഴിഞ്ഞ തവണ ബി.ജെ.പി പിടിച്ചെടുക്കുകയായിരുന്നു.

 വോട്ടു കാത്ത്

മുന്നണികൾ

നാലു ബൂത്തുകളിലായി ഡിവിഷനിൽ ഉദ്ദേശം 4,432 വോട്ടർമാരുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 1932 പേർ വോട്ടുചെയ്തു. ഇത്തവണ 2,000 പേരെങ്കിലും പോളിംഗ് ബൂത്തിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയകക്ഷികൾ.