പറവൂർ: പറവൂത്തറ ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ സുബ്രഹ്മണ്യസ്വാമിക്ക് ചാർത്തുവാനുള്ള പഞ്ചലോഹഗോളക സമർപ്പിച്ചു. ചേന്ദമംഗലം പാലത്തിന് സമീപത്തുനിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയിൽ ഘോഷയാത്രയോടെ ഗോളക ക്ഷേത്രത്തിലെത്തിച്ചു. ക്ഷേത്രംതന്ത്രി കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രി, ക്ഷേത്രം മേൽശാന്തി എ.കെ. ജോഷി ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. പച്ചാളം ഈരേടത്ത് ഷീജ സണ്ണിയാണ് ഗോളക വഴിപാടായി നൽകിയത്. പറവൂർ ഈഴവസമാജം പ്രസിഡന്റ് എൻ.പി. ബോസ്, സെക്രട്ടറി എം.കെ. സജീവൻ തുടങ്ങിയവർ നേതൃത്വം നൽകി.