nellukrishi
കീഴ്മാട് ഗ്രാമപഞ്ചായത്തിൽപ്പെട്ട എടയപ്പുറം - കോട്ടേക്കാട് പാടശേഖരത്തിൽ വിളവെടുപ്പിന് തലേന്ന് നെൽക്കൃഷി വെള്ളത്തിൽ മുങ്ങിയപ്പോൾ

ആലുവ: പതിറ്റാണ്ടുകളോളം തരിശായിക്കിടന്ന പാടത്ത് നഷ്ടം സഹിച്ചും മൂന്നാംവട്ടവും നെൽകൃഷി ചെയ്തവരെ കാലം തെറ്റിയെത്തിയ മഴ ചതിച്ചു. ഞായറാഴ്ച വിളവെടുപ്പിന് നിശ്ചയിച്ചിരിക്കെയാണ് ശനിയാഴ്ച രാത്രിയും ഞായർ പുലർച്ചെയുമായുണ്ടായ അപ്രതീക്ഷിതമഴയിൽ 30 ഏക്കറിലുണ്ടായിരുന്ന കൃഷി വെള്ളത്തിലായത്.

കീഴ്മാട് ഗ്രാമപഞ്ചായത്തിൽപ്പെട്ട എടയപ്പുറം - കോട്ടേക്കാട് പാടശേഖരസമിതിയാണ് കൃഷിഭവന്റെ സഹായത്തോടെ ബാങ്ക് വായ്പയെടുത്ത് മൂന്നാംവട്ടവും കൃഷിയിറക്കിയത്. വിവിധ ജോലികൾ ചെയ്യുന്നവരും കൃഷിയോട് താത്പര്യമുള്ളവരുമായ പതിനൊന്നുപേരായിരുന്നു പിന്നിൽ. ആദ്യവർഷം വലിയ നഷ്ടമുണ്ടായിട്ടും രണ്ടാംവട്ടവും കൃഷിയിറക്കി. രണ്ടാംവട്ടം ഇവർക്ക് പണിക്കൂലി കിട്ടിയില്ലെങ്കിലും കൈനഷ്ടമുണ്ടായില്ല. ഇക്കുറി ലാഭകരമാക്കാമെന്ന് പ്രതീക്ഷിച്ചിരുന്നു. നല്ല നിലയിൽ നെല്ല് കതിരണിയുകയും ചെയ്തു. ഇതിനിടയിലാണ് മഴ വില്ലനായത്.

കീഴ്മാട് സഹകരണ ബാങ്കിൽനിന്ന് മൂന്നുലക്ഷവും ആലുവ കനറാബാങ്കിൽനിന്ന് നാലുലക്ഷവും വായ്പയെടുത്തിരുന്നു. കൃഷിഭവനിൽനിന്ന് ലഭിച്ച സഹായവും അംഗങ്ങൾ ചെലവഴിച്ച തുകയും അവരുടെ അദ്ധ്വാനവുമെല്ലാം കണക്കാക്കുമ്പോൾ 15 ലക്ഷത്തോളംരൂപ നഷ്ടമുണ്ട്. ഉമ നെല്ലാണ് വിതച്ചിരുന്നത്. ഞായറാഴ്ച കൊയ്ത്തുത്സവത്തോടെ നെല്ല് കൊയ്‌തെടുക്കാൻ തീരുമാനിച്ചിരിക്കെയാണ് നാശം സംഭവിച്ചതെന്ന് എടയപ്പുറം - കേട്ടേക്കാട് പാടശേഖര സമിതി പ്രസിഡന്റ് എം.ആർ. അംബുജാക്ഷൻ, സെക്രട്ടറി പി.കെ. സജീവൻ, ട്രഷറർ സി.എസ്. കുഞ്ഞുമുഹമ്മദ് എന്നിവർ പറഞ്ഞു. കൃഷിനാശം നേരിട്ടവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത് അംഗം സിമി അഷറഫ്, കീഴ്മാട് കൃഷിഭവൻ അധികൃതർ എന്നിവർ സ്ഥലം സന്ദർശിച്ചിട്ടുണ്ട്.