df

കൊച്ചി: ഇ–ഹെൽത്ത് സംവിധാനം വഴി വീട്ടിലിരുന്ന് ഓൺലൈനായി ഒ.പി ടിക്കറ്റും ഡോക്ടറുടെ അപ്പോയ‌്‌ൻമെന്റും എടുക്കാം. ആലുവ ജില്ലാ ആശുപത്രി, വുമൺ ആൻഡ് ചൈൽഡ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി, തൃപ്പൂണിത്തുറ, കരുവേലിപ്പടി, പള്ളുരുത്തി താലൂക്ക് ആശുപത്രികൾ, റീജിയണൽ പബ്ലിക് ഹെൽത്ത് ലബോറട്ടറി,​ കുടുംബാരോഗ്യകേന്ദ്രങ്ങളായ ഇടപ്പള്ളി, കാക്കനാട്,​ നഗരപ്രാഥമിക ആരോഗ്യകേന്ദ്രങ്ങളായ ഇടക്കൊച്ചി,​ മങ്ങാട്ടുമുക്ക്,​ കടവന്ത്ര എന്നിവിടങ്ങളിലാണ് ഈ പദ്ധതിയിലൂടെ ഇ-ഹെൽത്ത് സംവിധാനം നടപ്പിലാക്കുന്നത്. ആദ്യഘട്ടമായി എറണാകുളം ജനറൽ ആശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ നിർവഹണം പൂർത്തിയായി. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ (സി.എസ്.എം.എൽ) ആഭിമുഖ്യത്തിൽ സിറ്റീസ് (സിറ്റി ഇൻവെസ്റ്റ്‌മെന്റ് ടു ഇന്നോവെറ്റ് ഇന്റഗ്രേറ്റ് ആൻഡ് സസ്റ്റൈൻ ) പദ്ധതിയുടെ ഭാഗമായാണ് കൊച്ചിയിലെ 12 സർക്കാർ ആശുപത്രികളിൽ ഇ -ഹെൽത്ത് സംവിധാനം ഒരുങ്ങുന്നത്.

ആധാർ കാർഡ് ഉപയോഗിച്ച് കിട്ടുന്ന യു.എച്ച്.ഐ.ഡി കാർഡും നമ്പറും ഉണ്ടെങ്കിൽ ആർക്കും ഇ–ഹെൽത്ത് സേവനങ്ങൾ ലഭ്യമാകും. ജനങ്ങൾക്കും ആശുപത്രി ജീവനക്കാർക്കും സഹായകരമാകുന്ന പദ്ധതിയാണിത്. ആധുനിക വിവരസാങ്കേതികവിദ്യയിലും അധിഷ്ഠിതമായതും ഗുണനിലവാരം ഉള്ളതുമായ സമ്പൂർണ്ണ ആരോഗ്യ സംവിധാനസേവനം സാധാരണക്കാരന് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

പാർപ്പിട, നഗരകാര്യ മന്ത്രാലയം ( എം.ഒ.എച്ച്.യു.എ), ഏജൻസി ഫ്രാൻസ് ഡെവലപ്പ്മെന്റ് (എ.എഫ്.ഡി), യൂറോപ്യൻ യൂണിയൻ ( ഇ.യു) എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. എ.എഫ്.ഡിയും യൂറോപ്യൻ യൂണിയനുമാണ് സാമ്പത്തിക സഹായം നൽകുന്നത്. ഓരോ നഗരത്തിനും പദ്ധതി നടത്തിപ്പിനായി അന്താരാഷ്ട്ര ആഭ്യന്തര വിദഗ്ദ്ധരുടെ സാങ്കേതിക സഹായവും ലഭിക്കും. ന്യൂഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അർബൻ അഫയേഴ്‌സിലെ (എൻ.ഐ.യു.എ) പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റാണ് (പി.എം.യു) പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്.