kinar
കഴിഞ്ഞ ദിവസത്തെ തോരാതെ പെയ്ത ശക്തമായ മഴയെത്തുടർന്ന് മുകൾഭാഗം ഇടിഞ്ഞുതകർന്ന ചെങ്ങമനാട് പനയക്കടവ് കരിയംപിള്ളി മുഹമ്മദലിയുടെ വീട്ടുമുറ്റത്തെ കിണർ

നെടുമ്പാശേരി: കനത്ത മഴയെത്തുടർന്ന് ചെങ്ങമനാട് പനയക്കടവ് കരിയംപിള്ളി മുഹമ്മദലിയുടെ വീടിന് മുൻവശത്തെ മുപ്പതടിയോളം ആഴമുള്ള കിണർ മുകൾഭാഗം ഇടിഞ്ഞുവീണ് തകർന്നു. ഞായറാഴ്ച പുലർച്ചയോടെയാണ് ഉഗ്രശബ്ദത്തിൽ കിണർ തകർന്നത്. കിണറ്റിൽ സ്ഥാപിച്ചിരുന്ന മോട്ടോറും നിലംപതിച്ചു. അതിനു മുകളിൽ മണ്ണ് മൂടിയിരിക്കുകയാണ്.

കിണർ ഉൾപ്പെട്ട ഭൂമി റോഡ് വികസനത്തിനായി മുഹമ്മദലി പഞ്ചായത്തിന് സൗജന്യമായി നൽകിയതാണ്. കിണറിന് മുകളിൽ കോൺക്രീറ്റ് സ്ലാബ് സ്ഥാപിച്ചാണ് റോഡ് വികസിപ്പിച്ചത്. ഭാരവാഹനങ്ങൾ കയറിയിറങ്ങി റോഡ് ശോച്യാവസ്ഥയിലായടെയാണ് മഴയും ചതിച്ചത്. മഴ ശക്തി പ്രാപിച്ചതോടെ കിണർ പൂർണമായും നിലംപൊത്തുന്ന അവസ്ഥയിലാണ്. റോഡിനും മതിലിനും വീടിനും ഇത് ഭീഷണിയാണ്. റോഡിലെ ഗതാഗതം നിയന്ത്രിച്ചു. ചെങ്ങമനാട് പഞ്ചായത്ത്, വില്ലേജ് അധികൃതർക്ക് മുഹമ്മദലി പരാതി നൽകി.