
കോലഞ്ചേരി: തമ്മാനിമറ്റത്തിന്റെ സൗന്ദര്യവത്കരണ പദ്ധതിയായ ജലദർശിനിക്ക് സർക്കാർ അനുമതിക്കുള്ള നടപടികൾ തുടങ്ങി. മൂവാറ്റുപുഴയാറിന് സമീപം തമ്മാനിമറ്റത്തെ അഞ്ചേക്കറിലാണ് നിർദ്ദിഷ്ട പദ്ധതി. നാല് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ജലദർശിനി യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. കൂടുതൽ തൊഴിലവസരങ്ങൾ വരുമെന്നതിനാൽ നാട്ടുകാർ ശുഭ പ്രതീക്ഷയോടെയാണ് പദ്ധതിയെ കാണുന്നത്.
വാക്‌വേ
പുഴയോട് ചേർന്നുകിടക്കുന്ന അഞ്ചേക്കറിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ജലദർശിനിയിലെ പ്രധാന പദ്ധതികളിൽ ഒന്നാണ് വാക്‌വേ. പുഴയുടെ സൗന്ദര്യം ആസ്വദിച്ച് നടക്കാനും വ്യായാമം ചെയ്യാനുമാണ് 500 മീറ്ററിൽ വാക്‌വേ ഒരുക്കുന്നത്. പ്രത്യേകം ടൈലുകൾ പാകിയും കൈവരികൾ സ്ഥാപിച്ചുമായിരിക്കും വാക്‌വേയുടെ നിർമ്മാണം. വാക്‌വേയിൽ ഇരിപ്പിടവും തണൽ മരങ്ങളും വച്ചുപിടിപ്പിക്കും.
ചിൽഡ്രൻസ് പാർക്ക്
അത്യാധുനിക രീതിയിലെ കുട്ടികളുടെ പാർക്കും ജലദർശിനിയുടെ ഭാഗമാകും. വിദേശ രാജ്യങ്ങളിലെ കുട്ടികളുടെ പാർക്കിനോട് കിടപിടിക്കുംവിധമായിരിക്കും ഇതിന്റെ രൂപകൽപ്പന. ടൈലുകൾ പാകിയും ഫല വൃക്ഷത്തൈകൾ നട്ടുവളർത്തിയും മനോഹരമാക്കുകയാണ് ലക്ഷ്യം. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തും വിധമായിരിക്കും പാർക്കിന്റെ പ്രവർത്തനം.
ലഘു ഭക്ഷണശാല
24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുന്ന ലഘു ഭക്ഷണശാലയായിരിക്കും ജലദർശിനിയുടെ മറ്റൊരു സവിശേഷത. വിദേശ രാജ്യങ്ങളിലേതിന് സമാനമായിരിക്കും ഭക്ഷണശാലയുടെ നിർമ്മാണം. 100 ചതുരശ്ര അടി വലുപ്പമുള്ള വിശാലമായ ഭക്ഷണശാലയിൽ 50 പേർക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കും. നാടന് ഒപ്പം പാശ്ചാത്യ വിഭവങ്ങളും ഇവിടെ ലഭിക്കും.
ആംഫി തീയേറ്ററും വോളിബാൾ കോർട്ടും
കോലഞ്ചേരിയിൽ നിന്നും വോളിബാൾ താരങ്ങളെ വാർത്തെടുക്കുന്നതിനാണ് അത്യാധുനിക കോർട്ട് നിർമ്മിക്കുന്നത്. ഇതോടൊപ്പം നാടകങ്ങളും വിനോദങ്ങളും വേദിയിലെത്തിക്കാൻ ആംഫി തീയേറ്ററും നിർദ്ദിഷ്ട പദ്ധതിയിലുണ്ട്.
കയാക്കിംഗ്
മൂവാറ്റുപുഴയാറിൽ കയാക്കിംഗ് നടത്തണമെന്ന ജലയാത്രാ പ്രേമികളുടെ ആഗ്രഹവും പദ്ധതി സാക്ഷാത്കരിക്കും. ഇത്തരത്തിൽ വിദേശികളെ അടക്കം ആകർഷിക്കുന്ന തരത്തിൽ കയാക്കിംഗിന് പ്രാധാന്യം നൽകുന്ന പദ്ധതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ബോട്ടുകളും മറ്റും എത്തിക്കും. ഇതോടൊപ്പം, ബോട്ടിംഗും സ്പീഡ് ബോട്ട് സർവീസും ഉണ്ടായിരിക്കും. സഞ്ചാരികൾക്ക് ക്യാമ്പ് ചെയ്യാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്.