കിഴക്കമ്പലം: പുക്കാട്ടുപടിയിൽ പട്ടാപ്പകൽ വീടിന്റെ വാതിൽതകർത്ത് മോഷണം. പത്തുപവന്റെ മാലകവർന്നു. കാഞ്ഞിരത്താൻമുഗൾ നടുവിൽവീട്ടിൽ വിജയമ്മയുടെ വീട്ടിലാണ് കവർച്ച നടന്നത്. മകളുമായി രാവിലെ പതിനൊന്നോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പോയശേഷം വൈകിട്ട് ആറോടെയാണ് ഇവർ തിരിച്ചെത്തിയത്. അതിനിടയിലായിരുന്നു മോഷണം. അടുക്കള വാതിലിന്റെ കുറ്റി തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. കിടപ്പുമുറിയിലെ അലമാരി പൂട്ടി താക്കോൽ വീട്ടുകാർ കൊണ്ടുപോയിരുന്നെങ്കിലും അതിന്റെ പൂട്ട് തകർത്താണ് പത്തുപവനും 2500 രൂപയും കവർന്നത്.
മേഖലയിൽ രാവിലെമുതൽ നിർത്താതെ പെയ്യുന്ന മഴയായിരുന്നു. ഇത് മറയാക്കിയാണ് മോഷണം നടന്നത്. ഈ വീടിനു തൊട്ടടുത്ത് ആൾത്താമസമുള്ള നിരവധി വീടുകൾ ഉണ്ടെങ്കിലും മഴയുടെ മറവിൽ നടന്ന മോഷണം ആർക്കുമറിയാൻ കഴിഞ്ഞില്ല. വിരലടയാള, ഫോറൻസിക് വിദഗ്ദ്ധർ തെളിവുകൾ ശേഖരിച്ചു. തടിയിട്ടപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സമീപത്തെ സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.