കുമ്പളം: ദേശീയപാതയിലെ കുമ്പളം ടോൾ ഒഴിവാക്കാനായി ഇടറോഡുകളിലൂടെ ലോറികൾ പായുന്നത് പ്രദേശവാസികൾക്ക് ഭീഷണിയാകുന്നു. വീതികുറഞ്ഞ റോഡിലൂടെ അമിത വേഗത്തിൽ പോകുന്ന വാഹനങ്ങൾ ആളുകളെ ഇടിച്ചിടുന്നതും മതിൽ തകർക്കുന്നതും പതിവ് സംഭവമായി മാറി. ഇന്നലെ ഉച്ചയോടെ ടോൾ വെട്ടിക്കാനായി എൻ.ഐ.ജെ എൽപി സ്കൂൾ റോഡിലൂടെ വന്ന ലോറി കെ.എസ്.ഇ.ബിയുടെ ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തകർത്തു. സംഭവം കണ്ട പ്രദേശവാസികൾ ലോറി തടഞ്ഞിട്ട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വാഹനങ്ങൾ ഇടതടവില്ലാതെ റോഡിലൂടെ വീണ്ടും വന്നതോടെ ഒടിഞ്ഞ പോസ്റ്റ് മാറ്റാൻ പോലും സ്ഥലത്തെത്തിയ ഇലക്ട്രിസിറ്റി ജീവനക്കാർക്കായില്ല. പിന്നീട് നാട്ടുകാർ റോഡിലൂടെയുള്ള ഗതാഗതം തടഞ്ഞതിന് ശേഷം വൈകിട്ടോടെയാണ് പോസ്റ്റ് നീക്കി വൈദ്യുതി വിതരണം പുനസ്ഥാപിച്ചത്.
കുട്ടികൾ ഉൾപ്പടെയുള്ള പ്രദേശവാസികൾക്ക് വാഹനങ്ങളുടെ ടോൾവെട്ടിപ്പ് യാത്ര മൂലം അപകടം സംഭവിക്കുന്നത് പതിവായി തീർന്നിട്ടുണ്ട്. ഒരു കുട്ടിയെ കാനയിൽ ഇടിച്ചിട്ടശേഷം വാഹനം നിർത്താതെ പോയതും പ്രദേശവാസിയെ ഇടിച്ചിട്ട സംഭവത്തിൽ വാഹനം കണ്ടെത്താനാകാതെ ഇൻഷ്വറൻസ് തുക ലഭിക്കാതെ സ്വയം ചികിത്സ തേടേണ്ടി വന്ന സംഭവങ്ങളും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
കക്കൂസ് മാലിന്യവും മത്സ്യം കയറ്റിപ്പോകുന്നതുമായ ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ രാത്രിയിലും ഇടറോഡുകളിലൂടെ ചീറിപ്പായുകയാണ്. പല തവണ വാഹനങ്ങളുടെ ടോൾ വെട്ടിച്ചുള്ള യാത്രയ്ക്കെതിരെ പൊലീസ് അധികൃതർക്ക് പരാതി നൽകിയെങ്കിലും ഒരു ഗുണവുമുണ്ടായിട്ടില്ലെന്ന് പരിസരവാസികൾ പരാതിപ്പെട്ടു. ലോറികൾ പോലുള്ള വലിയ വാഹനങ്ങളുടെ യാത്രയെങ്കിലും നിയന്ത്രിക്കാൻ അധികാരികൾ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.