ഞാറയ്ക്കൽ: സംസ്ഥാന പാതയോരത്ത് കാനയുടെ വശങ്ങൾ ഇടിയുന്നത് സമീപത്തുള്ള കടകൾക്കും വൈദ്യുതി പോസ്റ്റുകൾക്കും ഭീഷണിയായി. ഞാറക്കൽ പൊലീസ് സ്റ്റേഷന് മുൻവശത്തുനിന്ന് വടക്കോട്ടുള്ള ഭാഗത്ത് റോഡിന്റെ പടിഞ്ഞാറുവശത്തുള്ള കാനയാണ് അപകടാവസ്ഥയിൽ ആയിരിക്കുന്നത്. അടുത്തിടെ ഈ മേഖലയിലെ കാനകൾ പഞ്ചായത്ത് അധികൃതർ മണ്ണും മാലിന്യവുംനീക്കി വൃത്തിയാക്കിയിരുന്നു. കഴിഞ്ഞദിവസങ്ങളിൽ കനത്തമഴയുമുണ്ടായി. താണവശങ്ങളിൽ വിള്ളലുകൾ പ്രത്യക്ഷപ്പെടുകയും അതിനുപിന്നാലെ വശത്തേക്ക് ഇടിയുകയുമായിരുന്നുവെന്ന് പരിസരവാസികൾ പറഞ്ഞു. കാനയുടെ പാർശ്വഭിത്തിയോട് തൊട്ടുചേർന്നുതന്നെ കടകളും മറ്റുസ്ഥാപനങ്ങളുമുണ്ട്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ഇതൊന്നും അറിഞ്ഞമട്ട് കാണിക്കുന്നില്ല.