ഞാറക്കൽ: വൈപ്പിൻ ബസ്‌ സ്റ്റാൻഡിൽ വാഹനങ്ങൾക്ക് വീണ്ടും പാർക്കിംഗ് ഫീസ് ഏർപ്പെടുത്തി. ടൂവീലലിന് 10 രൂപയും കാറിന് 30 രൂപയുമാണ് ഒരുമണിക്കൂറിന് ഈടാക്കുന്നത്. മുൻ ഭരണസമിതിയുടെ കാലത്ത് കൊച്ചി കോർപ്പറേഷൻ ഇവിടെ പാർക്കിംഗ് ഫീസ് ഏർപ്പെടുത്തിയെങ്കിലും യാത്രക്കാരുടെ എതിർപ്പിനെത്തുടർന്ന് പിൻവലിക്കുകയായിരുന്നു. റോറോ ഒരെണ്ണം മാത്രം സർവീസ് നടത്തുന്നതിനാൽ ടൂവീലറുകളും കാറുകളും വൈപ്പിനിൽ പാർക്ക് ചെയ്ത് അക്കരെ കടക്കുന്നവർ ഒട്ടേറെയാണ്. മതിയായ യാത്രാസൗകര്യം ഏർപ്പെടുത്താതെ യാത്രക്കാരിൽ നിന്ന് അന്യായമായ പാർക്ക് ഫീസ് പിരിക്കുന്നത് പിൻവലിക്കണമെന്ന് വൈപ്പിൻ- ഫോർട്ടുകൊച്ചി പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രസിഡന്റ് ഫ്രാൻസിസ് ചമ്മണി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയിംസ് തറമേൽ, ജൂഡ് തോമസ്, കെ.എക്സ്. ആന്റണി എന്നിവർ പ്രസംഗിച്ചു.