railway
ആലുവ റെയിൽവേ സ്റ്റേഷനിൽ ഒന്നാം നമ്പർ പ്ളാറ്റ് ഫോമിൽ മേൽകൂരയില്ലാത്തതിനാൽ ട്രെയിൻ വരുമ്പോൾ യാത്രക്കാർ മഴയത്ത് കുടചൂടി നിൽക്കുന്നു

ആലുവ: വരുമാനത്തിൽ മുന്നിട്ടുനിൽക്കുന്ന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് ആലുവയെങ്കിലും ഇവിടെയെത്തുന്ന യാത്രക്കാരുടെ ദുരിതത്തിന് അറുതിയില്ല. മൂന്ന് പ്ളാറ്റ് ഫോമുകളിലും ആവശ്യത്തിന് മേൽക്കൂര ഇല്ലാത്തതിനാൽ യാത്രക്കാർ ട്രെയിനിൽ കയറാൻ മഴയും വെയിലും സഹിക്കേണ്ട അവസ്ഥയാണ്.

ഇരുവശത്തേക്കുമുള്ള ട്രെയിനുകളുടെയും മുൻഭാഗത്തെയും പിൻഭാഗത്തെയും കമ്പാർട്ടുമെന്റുകൾ നിൽക്കുന്നത് പ്ളാറ്റ് ഫോം ഇല്ലാത്തിടത്താണ്. എ.സി, ജനറൽ, സ്ത്രീകൾ എന്നീ കമ്പാർട്ടുമെന്റുകളും റിസർവേഷൻ കമ്പാർട്ടുമെന്റുകളുമെല്ലാം ഇതിൽ ഉൾപ്പെടും. മഴക്കാലത്താണ് യാത്രക്കാർക്ക് കൂടുതൽ ദുരിതം. മഴ നനയാതെ മേൽക്കൂരയുള്ള ഭാഗത്ത് നിൽക്കുന്ന യാത്രക്കാർ ട്രെയിൻ എത്തുന്നതിന്റെ മുന്നറിയിപ്പ് വരുമ്പോൾ കമ്പാർട്ടുമെന്റ് വരാൻ സാദ്ധ്യതയുള്ള പ്രദേശത്തേക്ക് ഒാടണം. ലഗേജ് കൂടുതലുള്ള യാത്രക്കാരും കുട്ടികളും വൃദ്ധരുമാണ് ഏറെ പ്രയാസപ്പെടുന്നത്. ഇതിനിടെ യാത്രക്കാർ പ്ളാറ്റ്ഫോമുകളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ തെന്നിവീഴുന്നതും പതിവാണ്. ലഗേജുകൾ കാർട്ടൺ ബോക്സുകളാണെങ്കിൽ മഴനനഞ്ഞും നശിക്കും. വേനൽക്കാലത്ത് വെയിൽ ഏൽക്കാതെ നിൽക്കുന്ന യാത്രക്കാരും ട്രെയിൻ വരുമ്പോൾ വെയിലിന്റെ കാഠിന്യമനുഭവിക്കണം. പ്ളാറ്റ്ഫോമിലൂടെയുള്ള ഓട്ടത്തിന് കുറവൊന്നുമില്ല. മഴയായാലും വെയിലായാലും കുടപിടിച്ച് ട്രെയിൻ കാത്തുനിൽക്കേണ്ട ഗതികേടിലാണ് യാത്രക്കാർ.

 സ്ഥാപിക്കേണ്ടത് അരകി​ലോമീറ്ററോളം മേൽക്കൂര

മൂന്ന് പ്ളാറ്റ്ഫോമുകളിലുമായി അരകി​ലോമീറ്ററോളം മേൽക്കൂര സ്ഥാപിച്ചാൽ തീരാവുന്ന പ്രശ്നമാണ് അധികൃതർ നീട്ടിക്കൊണ്ടുപോകുന്നത്.

മലയോരജില്ലയുടെ ബോർഡിംഗ് സ്റ്റേഷനും മാതൃകാ സ്റ്റേഷനുമായ ആലുവയ്ക്കാണ് ഈ ദുർഗതി. യാത്രക്കാരുടെ എണ്ണത്തിൽ മാത്രമല്ല, പാർസൽ ബുക്കിംഗിലൂടെയും റെയിൽവേയ്ക്ക് മികച്ച വരുമാനമാണ് ആലുവ സ്റ്റേഷനിൽനിന്ന് ലഭിക്കുന്നത്. ഇത് തിരിച്ചറിഞ്ഞുള്ള പ്രവർത്തനം റെയിൽവേയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. പടിഞ്ഞാറൻ കവാടം എന്ന ആവശ്യത്തോട് റെയിൽവേ പുറംതിരിഞ്ഞ് നിൽക്കുകയാണ്. ഇതിന് പുറമേയാണ് അടുത്ത കാലത്തായി സർവീസ് ആരംഭിച്ച ട്രെയിനുകൾക്ക് ആലുവയിൽ സ്റ്റോപ്പുകൾ അനുവദിക്കാത്തതും.