വൈപ്പിൻ: ചെറായി വിജ്ഞാനവർദ്ധിനി സഭയുടെ മൂന്നുവർഷത്തെ വരവുചെലവ് കണക്കുകൾ അംഗീകരിക്കാതെ വാർഷിക പൊതുയോഗം തള്ളിക്കളഞ്ഞു. 2019-20, 2020-21, 2021-22 വർഷങ്ങളിലായുള്ള 51548055 രൂപയുടെ വരവുചെലവ് കണക്കുകളാണ് ഗൗരീശ്വര ഓഡിറ്റോറിയത്തിൽ കൂടിയ സഭയുടെ വാർഷിക പൊതുയോഗം തള്ളിയത്. ഓഡിറ്റ് റിപ്പോർട്ടിൽ അപാകതകളും സാമ്പത്തിക ക്രമക്കേടുകളും ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്ന് കണക്ക് അംഗീകരിക്കാതെ മുൻ പരിശോധനയ്ക്കായി അഞ്ചുപേരടങ്ങുന്ന ഓഡിറ്റർമാരെ തിരഞ്ഞെടുത്തു. ഇവരുടെ റിപ്പോർട്ടിൻമേൽ ചർച്ചചെയ്ത് തീരുമാനമെടുക്കാൻ മൂന്നുമാസത്തിനകം വീണ്ടും പൊതുയോഗം കൂടാൻ തീരുമാനിച്ചു.

ഒരുമാസം മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ വിജയികളായ വികാസ് മാളിയേക്കൽ( പ്രസിഡന്റ്), ടി.എസ്. വേണുഗോപാൽ( സെക്രട്ടറി), ബെൻസീർ രാജ് (മുതൽപിടി), കെ.എസ്. ജയപ്പൻ (സ്‌കൂൾ മാനേജർ), വി.കെ. ദിനരാജൻ (ദേവസ്വം മാനേജർ), വി.എ. അനിൽകുമാർ, ഒ.ആർ. റോബിൻ, ഗിരിജ രാജൻ, പി.ജി. ഷൈൻ (മാനേജർമാർ) എന്നിവർ പൊതുയോഗത്തിൽവെച്ച് സഭാഭരണം ഏറ്റെടുത്തു.