 ഫലം ഇന്നറിയാം

കൊച്ചി: കോർപ്പറേഷൻ സൗത്ത് ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം കുറഞ്ഞതിൽ മൂന്നു മുന്നണികൾക്കും ആശങ്ക. എറണാകുളം 62ാം ഡിവിഷനിൽ 47.62 ശതമാനം വോട്ട് രേഖപ്പെടുത്തി. ആകെയുള്ള 4622 വോട്ടർമാരിൽ 1106 പുരുഷന്മാരും 1095 സ്ത്രീകളും ഉൾപ്പടെ 2201 പേർ വോട്ട് ചെയ്തു. എൽ.ഡി. എഫ് സ്ഥാനാർഥി അശ്വതി. എസ് രാവിലെ രണ്ടാം ബൂത്തിലും യു.ഡി. എഫ് സ്ഥാനാർഥി അനിതാവാര്യർ നാലാം ബൂത്തിലും വോട്ടു ചെയ്തു. ഡിവിഷനിലെ താമസക്കാരിയല്ലാത്തതിനാൽ എൻ.ഡി. എ സ്ഥാനാർഥി പത്മജ എസ് . മേനോന് വോട്ട് ചെയ്യാനായില്ല. ബി.ജെ. പി കൗൺസിലർ മിനി ആർ . മേനോന്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

74 അംഗ കൗൺസിലിൽ എൽ.ഡി. എഫിന് സ്വതന്ത്രർ ഉൾപ്പെടെ 38 പേരുടെ പിന്തുണയുണ്ട്. യു.ഡി. എഫ് (31), ബിജെപി (4) എന്നിങ്ങനെയാണ് കക്ഷിനില. കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് പത്മജ എസ്. മേനോൻ. കുറഞ്ഞ പോളിംഗ് വിജയത്തെ ബാധിക്കില്ലെന്ന ഉറപ്പിലാണ് അനിതാ വാര്യർ . അതേസമയം പോളിംഗ് ശതമാനം കുറഞ്ഞത് തങ്ങൾക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് എൽ.ഡി. എഫ്. ഇടയ്ക്കിടെ വന്നുപോയ മഴയെ കാര്യമാക്കാതെ രാവിലെ മുതൽ വോട്ടർമാർ ബൂത്തുകളിലേക്കെത്തി.

എറണാകുളം മഹാരാജാസ് കോളേജിലാണ് വോട്ടെണ്ണൽ. ഇന്ന് രാവിലെ പത്തു മണിയോടെ ഫലം അറിയാം.

 ഇടയ്ക്കൊരു കശപിശ

വോട്ടെടുപ്പിനിടെ യു.ഡി.എഫ് കൗൺസിലർമാരായ എം.ജി. അരിസ്റ്റാേട്ടിൽ, സീന, ബിൻസി എന്നിവർ ചിറ്റൂർ റോഡിലെ എസ്.ആർ.വി സ്കൂളിലെ ബൂത്തിൽ വോട്ട് പിടിക്കാൻ ശ്രമിച്ചുവെന്ന് ആക്ഷേപം. കോർപ്പറേഷൻ സ്ഥിരംസമിതി ചെയർമാനായ പി. ആർ. റെനീഷ് പരാതിയുമായി രംഗത്തെത്തിയതോടെ പൊലീസ് ഇടപെട്ടു പ്രശ്നം പരിഹരിച്ചു.

 നിർണ്ണായകം

ഉപതിരഞ്ഞെടുപ്പിന്റെ ഫലം മൂന്നു മുന്നണികൾക്കും നിർണ്ണായകമാണ്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ നിലവിലുള്ള ടാക്‌സ് അപ്പീൽ കമ്മിറ്റി ചെയർമാൻ സ്ഥാനം ബി.ജെ.പിക്ക് നഷ്ടമാകും. വിജയിച്ചാൽ സ്വതന്ത്രൻമാരുടെ സഹായത്തോടെ ഭരണം പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ് . ഒരു സീറ്റു കൂടി ലഭിച്ചാൽ ആത്മവിശ്വാസത്തോടെ മുന്നോട്ടു നീങ്ങാമെന്നാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ. 40 വർഷത്തോളം യു.ഡി.എഫിന്റെ ഉറച്ച കോട്ടയായിരുന്ന സൗത്ത് ഡിവിഷൻ കഴിഞ്ഞ തവണ ബി.ജെ.പി പിടിച്ചെടുക്കുകയായിരുന്നു.