മരട്: ദേശീയപാതയിൽ നെട്ടൂർ ഐ.എൻ.ടി.യു.സി ജംഗ്ഷന് സമീപമുള്ള അണ്ടർപാസിൽ കുന്നുകൂടിക്കിടന്ന മാലിന്യങ്ങൾ മരട് നഗരസഭ നീക്കി. അണ്ടർപാസിൽ മാലിന്യങ്ങൾ കുന്നുകൂടുന്നതിനെ കുറിച്ചുള്ള വാർത്ത മേയ് 15 ഞായറാഴ്ച്ച കൗമുദി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. കൗമുദി വാർത്തയെ തുടർന്നും നാട്ടുകാർ പ്രതിഷേധം അറിയിച്ചതിനെ തുടർന്നും നഗരസഭാ ഭരണാധികാരികൾ മാലിന്യം നീക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയായിരുന്നു. എൽ.ഡി.എഫ് കൗൺസിലർമാരും അണ്ടർപാസിൽ കൂടിക്കിടന്ന മാലിന്യങ്ങൾക്കരികിൽ നിന്ന് പ്രതിഷേധ സമരം നടത്തി.

രാത്രിയുടെ മറവിൽ ചീഞ്ഞളിഞ്ഞ പച്ചക്കറി മുതൽ ഇറച്ചിക്കോഴി മാലിന്യം വരെ പ്ലാസ്റ്റിക് കവറുകളിലിട്ട് കൊണ്ടുവന്ന് തള്ളുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീഴുന്ന മാലിന്യക്കവറുകളിൽ വാഹനങ്ങൾ കയറി മാലിന്യം മുഴുവൻ റോഡിൽ ചതഞ്ഞരഞ്ഞ നിലയിലുമായിരുന്നു. മഴയത്ത് വാഹനങ്ങൾ പോകുമ്പോൾ അണ്ടർപാസിലെ വെള്ളവുമായി കലർന്ന മാലിന്യം ഇരുചക്രവാഹന യാത്രികരുടേയും കാൽനടക്കാരുടേയും ദേഹത്തേക്ക് തെറിച്ചു വീഴുകയും ചെയ്തിരുന്നു. മാലിന്യങ്ങൾ കൊണ്ട് പൊറുതിമുട്ടിയ ജനങ്ങൾ മുമ്പ് മാലിന്യങ്ങൾ നീക്കം ചെയ്യുകയും വശങ്ങളിൽ പൂച്ചെടികൾ വച്ചുപിടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ‌‌പിന്നീടും മാലിന്യം തള്ളൽ തുടരുകയായിരുന്നു.

മരടിൽ മാലിന്യങ്ങൾ കുന്നുകൂടുന്നതിൽ എൽ.ഡി.എഫ് കൗൺസിലർമാർ നെട്ടൂർ അണ്ടർപാസിൽ നടത്തിയ പ്രതിഷേധ സമരം എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സി.ആർ.ഷാനവാസ് ഉദ്ഘാടനം ചെയ്തു. ദിഷ പ്രതാപൻ അദ്ധ്യക്ഷയായി.