park





മൂവാറ്റുപുഴ: കൊവിഡിനെ തുടർന്ന് രണ്ട് വർഷത്തോളം അടച്ചിട്ട മൂവാറ്റുപുഴ നഗരസഭയുടെ നഗരമദ്ധ്യത്തിലെ കുട്ടികളുടെ പാർക്ക് കഴിഞ്ഞമാസമാണ് ലക്ഷങ്ങൾ മുടക്കി നവീകരിച്ചത്. ഇതിന് പിന്നാലെ തൃപ്പൂണിത്തുറ ആർ.എൽ.വി.കോളേജിലെ കലാ വിദ്യാർത്ഥികൾ ദിവസങ്ങളോളം പാർക്കിൽ ക്യാമ്പ് ചെയ്ത് തുരുമ്പ് പിടിച്ച് കിടന്ന ഉപകരണങ്ങളെല്ലാം പെയിന്റടിച്ച് മനോഹരമാക്കുകയും പാർക്കിന്റെ മതിലുകളെല്ലാം പെയിന്റ് ചെയ്തും വിവിധ കാർട്ടൂണുകൾ വരച്ചും ഭംഗിയാക്കിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ കുട്ടികളെയും മുതിർന്നവരെയും ആകർഷിക്കുന്നതിനായി വിവിധങ്ങളായ പദ്ധതികളാണ് പാർക്കിൽ നടപ്പിലാക്കുന്നത്. മനോഹരമായ ഗാർഡൻ, കുട്ടികൾക്ക് സൈക്കിൾ സവാരി ചെയ്യുന്നതിനായി സൈക്കിളുകൾ ഒരുക്കിയിട്ടുണ്ട്. പാർക്കിലെ സ്ഥാപിച്ചിട്ടുള്ള സ്ത്രീ രൂപത്തിന്റെ ചുവട്ടിൽ അക്വോഗാർഡനിംഗ് ചെയ്യുന്ന നീതു സുനീഷ് സൗജന്യമായി തയ്യാറാക്കിയ താമരക്കുളം കുട്ടികൾക്ക് ഏറെ കൗതുകമുണർത്തും. വിവിധ വർണ്ണത്തിലുള്ള താമരകളാണ് കുളത്തിൽ ഒരുക്കിയിരിക്കുന്നത്.കുട്ടികൾക്ക് കൗതുകമുണർത്തി പരമ്പരാഗത രീതിയിൽ ഏറുമാടവും നിർമിച്ചിട്ടുണ്ട്.പുതിയ തലമുറയ്ക്ക് അന്യമായ ഏറുമാടം കൗതുകത്തോടെയാണ് പാർക്കിലെത്തുന്നവർ വീക്ഷിക്കുന്നത്. പാർക്കിലെ കൂറ്റൻമരത്തിൽ ഒരുക്കിയിരിക്കുന്ന ഏറുമാടത്തിൽ കയറുന്നതിന് കുട്ടികൾ മത്സരിക്കുകയാണ്. പ്രകൃതി-ശിശു സൗഹൃദമായി നിർമിച്ചിരിക്കുന്ന ഏറുമാടത്തിന് 20,000 ത്തോളം രൂപ ചിലവായി. മലയോര ആദിവാസി ഗ്രാമമായ ഇടുക്കിജില്ലയിലെ പൂമാലയിൽ നിന്നെത്തിയ നാലംഗ സംഘമാണ് ഏറുമാടം നിർമിച്ചത്. മുളയും ഓലയും മരവുമാണ് നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. സാധാരണയായി മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വൻകിട തോട്ടങ്ങളിലുമാണ് ഏർമാടങ്ങൾ ഉള്ളത്. നഗര ജീവിതത്തിൽ ഇത്തരം കാഴ്ചകളും സൗകര്യങ്ങളും അന്യമാണ്. മുഖം മിനുക്കിയ നഗരത്തിലെ കുട്ടികളുടെ പാർക്ക് കാണാനും ഉല്ലസിക്കാനുമായി നിരവധി കുട്ടികളാണ് ദിനംപ്രതി പാർക്കിലെത്തുന്നത്.