ആലുവ: മാർക്കറ്റ് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ആലുവ സ്വകാര്യ ബസ്‌സ്റ്റാൻഡിലെ കാന അടിയന്തരമായി ശുചീകരിക്കും. ഇന്നലെ നഗരസഭ വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെയും വ്യാപാരികളുടെയും യോഗത്തിലാണ് തീരുമാനം. കാനയുടെ മുകളിലുള്ള കൈയേറ്റങ്ങൾ ഒഴിപ്പിക്കും.

മാർക്കറ്റ് റോഡിൽ കഴിഞ്ഞ ദിവസമുണ്ടായ വെള്ളക്കെട്ടിന് കാരണമായത് സ്റ്റാൻഡിനകത്തെ കാനയിലെ മാലിന്യങ്ങളാണ്. മെട്രോ പരിധിയിലുള്ള കാനകൾ അവരും ശുചീകരിക്കും. യോഗത്തിൽ നഗരസഭ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ സൈജി ജോളി, സെക്രട്ടറി മുഹമ്മദ് ഷാഫി, മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളായ നസീർ ബാബു, ജോണി മൂത്തേടൻ, കെ.സി.ബാബു എന്നിവർ പങ്കെടുത്തു.