നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് 17 -ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജോബി നെൽക്കര വിജയിച്ചത് കോൺഗ്രസിന് ആശ്വാസമായി. കോൺഗ്രസ് വിമതൻ പി.പി. കുഞ്ഞിനെ പ്രസിഡന്റാക്കിയാണെങ്കിലും പഞ്ചായത്ത് ഭരണം തുടരാം.
കോൺഗ്രസ് പരാജയപ്പെട്ടിരുന്നെങ്കിൽ പഞ്ചായത്ത് ഭരണവും യു.ഡി.എഫിന് നഷ്ടപ്പെടുമായിരുന്നു. എൽ.ഡി.എഫ് ഭരിച്ചിരുന്ന പഞ്ചായത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇരുമുന്നണികൾക്ക് ഒമ്പതുവീതം സീറ്റുകളാണ് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് വിമതനെ പ്രസിഡന്റാക്കി കോൺഗ്രസ് ഭരണം പിടിച്ചത്. ഇതേ വിമതനെ പ്രസിഡന്റാക്കി ഭരണത്തുടർച്ചയ്ക്ക് എൽ.ഡി.എഫ് ശ്രമിച്ചെങ്കിലും വിമതൻ കോൺഗ്രസിനൊപ്പം നിന്നത് അനുഗ്രഹമായി. ഇതിനിടയിലാണ് പ്രസിഡന്റാകുമെന്ന് കരുതപ്പെട്ടിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് പാർട്ടി നേതൃത്വസ്ഥാനവും പഞ്ചായത്ത് അംഗത്വവും രാജിവെച്ച് പ്രസിസന്ധി സൃഷ്ടിച്ചത്. ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ഭരണം നഷ്ടപ്പെടാനുള്ള സാദ്ധ്യത മുൻകൂട്ടിക്കണ്ട കോൺഗ്രസ് നേതൃത്വം പലവട്ടം ശ്രമിച്ചിട്ടും രാജി പിൻവലിച്ചില്ല.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇതേഅംഗം പാർട്ടി പരിപാടികളിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തു. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രചരണം മുറുകുന്നതിനിടെ രാജിവെച്ച അംഗം മലയാറ്റൂരിലെ ഫാംഹൗസിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത് കോൺഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കി. എന്നാൽ ആത്മഹത്യാക്കുറിപ്പിൽ 'കോൺഗ്രസ് ജയിക്കണം, ഒറ്റക്കെട്ടായി പ്രവർത്തിക്കണം' എന്ന ആഹ്വാനം യു.ഡി.എഫിന് പിടിവള്ളിയായി. ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്ത രോഗമാണെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വാർഡിൽ 400ലേറെ വോട്ടുകൾ നേടി കോൺഗ്രസ് റെബൽ സ്ഥാനാർത്ഥിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. എൽ.ഡി.എഫിലെ സി.പി.ഐ സ്ഥാനാർത്ഥിക്ക് ലഭിച്ചത് കേവലം 103 വോട്ടുകൾ മാത്രമായിരുന്നു. ഇക്കുറി സ്ഥാനാർത്ഥി മികവിൽ വിജയിക്കാമെന്ന പ്രതീക്ഷയിൽ എൽ.ഡി.എഫ്. എൽ.ഡി.എഫ് സ്വതന്ത്രൻ എന്ന നിലയിലാണ് സ്ഥാനാർത്ഥിയെ രംഗത്തിറക്കിയത്.
പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടന്ന ആഹ്ളാദപ്രകടനത്തിന് അൻവർ സാദത്ത് എം.എൽ.എ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി, പഞ്ചായത്ത് പ്രസിഡന്റ് പി.പി. കുഞ്ഞ്, ബ്ളോക്ക് പഞ്ചായത്ത് അംഗം ദിലീപ് കപ്രശേരി, കെ.കെ. ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.