തൃപ്പൂണിത്തുറ: ഇടതുപക്ഷ കൗൺസിലർമാരുടെ നിര്യാണത്തെത്തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് വാർഡിലും ബി.ജെ.പി. സ്ഥാനാർത്ഥികൾ മിന്നുന്ന വിജയം നേടി. എൽ.ഡി.എഫ് കൗൺസിലർമാരായ കെ.ടി.സൈഗാളിന്റെ നിര്യാണത്തെത്തുടർന്ന് 11-ാം വാർഡ് ഇളമനത്തോപ്പിലും രാജമ്മ മോഹന്റെ നിര്യാണത്തെത്തുടർന്ന് 46-വാർഡ് പിഷാരിക്കോവിലിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

11-ാം വാർഡ് ഇളമനത്തോപ്പിൽ 38 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബി.ജെ. പി. സ്ഥാനാർത്ഥി വള്ളി രവി വിജയിച്ചത്. വള്ളി രവി (എൻ.ഡി. എ) 363, ഇ.ടി. പ്രദീഷ് (എൽ.ഡി. എഫ് ) 325, ഷിബു മലയിൽ (യു.ഡി. എഫ്) 70 എന്നിങ്ങനെയാണ് വോട്ടു നില.

84 ശതമാനം പോളിംഗ് നടന്ന 46-ാംവാർഡ് പിഷാരിക്കോവിൽ ബി.ജെ.പി. സ്ഥാനാർത്ഥി രതി രാജു 16 വോട്ടിന്റെ ഭൂരിപക്ഷം നേടി. രതി രാജു (എൻ.ഡി. എ) 468, സംഗീത സുമേഷ് (എൽ.ഡി. എഫ്) 452, ശോഭന തമ്പി (യു.ഡി. എഫ് ) 251

 നിലവിലെ കക്ഷിനില

ആകെ 49 വാർഡുകൾ

എൽ.ഡി. എഫ് : 23

എൻ.ഡി.എ : 17

യു.ഡി.എഫ് : 8

കേവല ഭൂരിപക്ഷത്തിന് 25 സീറ്റ് വേണം. കൈവശമുണ്ടായിരുന്ന രണ്ടു സീറ്റുകൾ നഷ്ടപ്പെട്ടതോടെ ഭരണപക്ഷം പരുങ്ങലിലാണ്. എന്തെങ്കിലും കാരണവശാൽ ഒരു അവിശ്വാസ പ്രമേയത്തെ അഭിമുഖീകരിക്കേണ്ട സാഹചര്യം വന്നാൽ യു.ഡി. എഫ് വോട്ടിംഗിൽ പങ്കെടുത്തേക്കില്ല എന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ് പിടിച്ചുനിൽക്കുന്നത്.