p

കുറുപ്പംപടി: ജയ് ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് ആൻഡ് റിസർച്ച് സർവീസിന്റെ നേതൃത്വത്തിൽ വയോജനങ്ങളെ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന സമയ ബാങ്ക് പദ്ധതിക്ക് തുടക്കം. പദ്ധതിയുടെ ഭാഗമായി ജയ് ഭാരത് കോളേജിലെ മാസ്റ്റർ ഓഫ് സോഷ്യൽവർക്ക് വിഭാഗവും എൻ.എസ്. എസ് വോളണ്ടിയർമാരും നടത്തിയ പ്രാഥമിക സർവ്വേ വഴി ശാരീരികമായും മാനസികമായും പ്രശ്നങ്ങൾ അനുഭവിക്കുന്ന വയോജനങ്ങളേയും പ്രത്യേക പരിഗണന വേണ്ടവരെയും കണ്ടെത്തിയിരുന്നു. അർഹരായവർക്ക് വിവിധ സേവനങ്ങൾ നൽകുന്നതിന് ഡോക്ടർമാർ, കൗൺസിലർമാർ, സോഷ്യൽ വർക്ക് വിഭാഗം, അദ്ധ്യാപകർ എന്നിവർ കളമശ്ശേരി 36 -ാം വാർഡിൽ സന്ദർശനം നടത്തി. വയോജന പരിപാലന മേഖലയിൽ പ്രശസ്തനായ ഡോ. പ്രവീൺ ജ. പൈയുടെ നേതൃത്വത്തിലാണ് ഭവന സന്ദർശനം നടത്തിയത്. മുതിർന്ന പൗരന്മാർക്ക് സന്തോഷവും ക്ഷേമവും പ്രദാനം ചെയ്യുന്നതിനും ഒറ്റപ്പെടലിന് പരിഹാരം കാണുന്നതിനുമുള്ള സമയ ബാങ്ക് പദ്ധതിക്ക് ഭാവുകങ്ങൾ നേരുന്നതായി ഡി. എൽ. എസ്. എയുടെ സെക്രട്ടറിയായ സബ് ജഡ്ജ് സുരേഷ് പി.എം. പറഞ്ഞു. ജയ് ഭാരത് കോളേജ് ചെയർമാൻ എ.എം. കരീം, പ്രിൻസിപ്പൽ ഡോ.കെ.എ. മാത്യു, സോഷ്യൽ വർക്ക് വിഭാഗം മേധാവി പ്രൊഫ. ദീപ്തി രാജ്, പ്രോജക്ട് ഓഫീസർമാരായ ജോജോ മാത്യു, പാർവ്വതി.കെ. അനിയൻ എന്നിവർ നേതൃത്വം നൽകി.