കൊച്ചി: ശക്തമായ മഴയെ പ്രതിരോധിക്കാൻ കച്ചമുറുക്കി ജില്ലാ ഭാരണകൂടം. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു. ജില്ല താലൂക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപന തലങ്ങളിലുള്ള കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങി. ആരോഗ്യം, ഫയർഫോഴ്സ്, പൊലീസ്, തീരദേശ പൊലീസ്, ഫീഷറീസ് തുടങ്ങിയ വകുപ്പുകളും കൺട്രോൾ റൂമുകൾ ആരംഭിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ദേശീയ ദുരന്ത നിവാരണ സേനയെയും ജില്ലയിൽ വിന്യസിച്ചു. കൊച്ചി താലൂക്കിൽ വൈപ്പിൻ, കൊച്ചി മേഖലകളിലെ മഴക്കാല മുന്നൊരുക്കങ്ങൾ ഏകോപിപ്പിക്കുന്നതിനായി അഞ്ചംഗ സ്ക്വാഡിനെയും ചുമതലപ്പെടുത്തി. കുന്നത്തുനാട് താലൂക്കിലും കൺട്രോൾ റൂം പ്രവർത്തനം സജീവമായി. മൂവാറ്റുപുഴ താലൂക്കിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി.
വെള്ളം
ഒഴിയാതെ നഗരം
ഒരാഴ്ച പിന്നിട്ട മഴയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. കലൂർ ഇന്ദിരാ ഗാന്ധി ഓപ്പൺ സർവകലാശ പ്രദേശം, കെ.എസ്.ആർ.ടി.സി പരിസരം, എം.ജി റോഡിൽ ദ്വരൈ സ്വാമി അയ്യർ റോഡ്, പി ആൻഡ് ടി കോളനി, ജേർണലിസ്റ്റ് കോളനി എന്നിവിടങ്ങളിലാണ് വെെള്ളക്കെട്ട് രൂക്ഷം.
ചെല്ലാനത്ത്
കടൽ പ്രക്ഷുബ്ധം
ചെല്ലാനത്ത് ഇന്നലെമുതൽ കടൽ പ്രക്ഷുബ്ധമാണ്. പല മേഖലകളിലും കടൽ കൂടുതലാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. എന്നാൽ ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ല. ചാളക്കടവ്, മറുവാക്കാട് എന്നിവിടങ്ങളിലാണ് കടലേറ്റത്തിനുള്ള സാദ്ധ്യത കൂടുതൽ. നിലവിൽ കടൽ കയറ്റം ശക്തമായി ഉണ്ടാകാറുള്ള സ്ഥലത്ത് കല്ലിട്ട് പ്രതിരോധിക്കുന്നുണ്ട്.
മോക്ക്ഡ്രിൽ
നാളെ
മഴക്കാലത്തിന് മുന്നോടിയായി വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കൊച്ചി താലൂക്കിലെ മോക്ക്ഡ്രിൽ നാളെ ഉച്ചയ്ക്ക് ചെല്ലാനം മാനാശേരിയിൽ നടത്തും. കെ.ജെ. മാക്സി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റം (ഐ.ആർ.എസ്) യോഗത്തിലാണ് തീരുമാനം.
ദുരിതക്കയത്തിൽ
പശ്ചിമകൊച്ചി
വെള്ളക്കെട്ട്, മാലിന്യം, ഡെങ്കി,പനി, തകർന്നറോഡുകൾ, ശുദ്ധജല ക്ഷാമം എന്നിവ മൂലം പശ്ചിമകൊച്ചി ദുരിതത്തിലാണ്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി കൊച്ചിയുടെ പ്രധാന പ്രശ്നങ്ങളിലൊന്നാണ് വെള്ളക്കെട്ട്. ഒപ്പം കടൽകയറ്റവും പകർച്ചവ്യാധി ഭീഷണിയുമുയരുന്നുണ്ട്. അനധികൃത നിർമ്മാണങ്ങളും കൊച്ചിയിലെ വെള്ളക്കെട്ടിനെ രൂക്ഷമാക്കുകയാണ്. രാമേശ്വരം കൽവത്തി കനാൽ, പത്തായതോട്, കുമ്പളങ്ങി പെരുമ്പടപ്പ് കനാൽ, മുണ്ടംവേലി, നസ്രത്ത്,പള്ളിച്ചാൽ തോടുകൾ തുടങ്ങിയവ കൈയേറ്റം മുലം ഇല്ലാതായി. ഇത് നീരൊഴുക്കിന് തടസമാകുന്നതായി പ്രദേശവാസികൾ പറയുന്നു.