
മൂവാറ്റുപുഴ: പതിനാലാം വിവാഹ വാർഷിക ദിനത്തിൽ 14 പുസ്തകങ്ങൾ ലൈബ്രറിക്ക് കൈമാറി ദമ്പതികൾ മാതൃകയായി. ഈസ്റ്റ് മാറാടി വി.എച്ച്. എസ് സ്കൂൾ അദ്ധ്യാപകനും പുസ്തക പ്രേമിയുമായ സമീർ സിദ്ദീഖിയും ഭാര്യ തസ്‌നീം സമീറുമാണ് വിവാഹ വാർഷികത്തിന്റെ സന്തോഷം പുസ്തകങ്ങൾ കൈമാറി പങ്കിട്ടത്.
എൽസ്റ്റൺ എബ്രഹാം പബ്ലിക് ലൈബ്രറിക്കാണ് സമീറും തസ്‌നീമും പുസ്തകങ്ങൾ സംഭാവന ചെയ്തത്. മാറാടി ഗ്രാമത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും കൊവിഡ് പ്രതിരോധത്തിലും സജീവ സാന്നിദ്ധ്യമായിരുന്ന എൽസ്റ്റണിന്റെ ഓർമ്മയ്ക്കായി സുഹൃത്തുക്കളും സുമനസുകളും ചേർന്ന് ആരംഭിക്കുന്നതാണ് ഗ്രന്ഥശാല. ഈസ്റ്റ് മാറാടി സ്കൂൾ വികസന സമിതി ചെയർമാനും മാറാടി തെക്കേടത്ത് കുടുംബാംഗവുമായ ടി.വി അവിരാച്ചന്റെ ഏക മകനാണ് എൽസ്‌റ്റൺ.
അവിരാച്ചന്റെയും മാറാടി മുൻ ഗ്രാമ പഞ്ചായത്തംഗവും ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ മുരളി കെ. എസിന്റെയും സാന്നിദ്ധ്യത്തിൽ ലൈബ്രറി ഭാരവാഹി വിവേകിന് പുസ്തകങ്ങൾ കൈമാറി. രതീഷ് വിജയൻ, അനൂപ് തങ്കപ്പൻ , ശ്യാം ലാൽ, പൗലോസ് ടി തുടങ്ങിയവർ പങ്കെടുത്തു.