മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ പേഴയ്ക്കാപ്പിള്ളി ആസ്ഥാനമായി പുതിയ പൊലീസ് സ്റ്റേഷൻ അനുവദിക്കണമെന്ന ആവശ്യം ശക്തം. കേസുകളുടെ എണ്ണത്തിലെ വർദ്ധനവും
ട്രാഫിക് പ്രശ്നങ്ങളുമടക്കം ചൂണ്ടിക്കാട്ടി ഇവിടെ പൊലീസ് സ്റ്റേഷൻ അനുവദിക്കാവുന്നതാണെന്ന് ജില്ലാ പൊലീസ് മേധാവി 2017ൽറിപ്പോർട്ട് നൽകിയിരുന്നു.
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് മുൻ എം.എൽ. എ എൽദോ എബ്രഹാം മുഖ്യമന്ത്രിക്ക് നൽകിയ കത്തിനെ തുടർന്നാണ് പേഴയ്ക്കാപ്പിള്ളിയിൽ പൊലീസ് സ്റ്റേഷനുള്ള നടപടികൾ ആരംഭിച്ചത്. എറണാകുളം റൂറൽ ജില്ലയിൽ പ്രവർത്തന പരിധി കൊണ്ടും വിസ്തൃതികൊണ്ടും മുന്നിലാണ് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ .വർദ്ധിച്ചു വരുന്ന ക്രിമിനൽ കേസുകൾ, ട്രാഫിക് സംബന്ധമായ കേസുകൾ എന്നിവ കണക്കിലെടുത്താൽ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷന്റെ വിഭജനം അനിവാര്യമാണെന്ന് വിലയിരുത്തപ്പെടുന്നു. മൂവാറ്റുപുഴ താലൂക്കിലെ മുളവൂർ ,വെള്ളുർകുന്നം, മാറാടി, വാളകം, ആരക്കുഴ എന്നീ വില്ലേജുകൾ ഉൾപ്പെടുന്നതാണ് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷന്റെ പ്രവർത്തന പരിധി. 1988 ൽ മൂവാറ്റുപുഴ സ്റ്റേഷൻ രണ്ടാക്കി വാഴക്കുളം പൊലീസ് സ്റ്റേഷൻ സ്ഥാപിച്ചതിനു ശേഷം വിഭജനം നടന്നിട്ടില്ല.
പൊലീസിന്റെ സേവനം സുഗമമാക്കാൻ പായിപ്ര പഞ്ചായത്ത് പൂർണ്ണമായി പുതിയ സ്റ്റേഷൻ പരിധിയിലേക്ക് കൊണ്ടുവന്നും കുന്നത്തുനാട് സ്റ്റേഷനു കീഴിലെ നെല്ലാട്, മണ്ണൂർ, വീട്ടൂർ, തൃക്കളത്തൂർ പ്രദേശങ്ങളും കുറുപ്പംപടി സ്റ്റേഷൻ പരിധിയിലെ കീഴില്ലവും കോതമംഗലം താലൂക്കിലെ ഇരമല്ലൂർ വില്ലേജിലെ ചെറുവട്ടൂരും ഉൾപ്പെടുത്തിയും പുതിയ സ്റ്റേഷൻ രൂപീകരിക്കാനാകും. പൊലീസ് സ്റ്റേഷൻ ആവശ്യമായ സ്ഥലവും കെട്ടിടവും നൽകുന്നതിന് പായിപ്ര പഞ്ചായത്ത് തീരുമാനിച്ചിരുന്നു.
ക്രിമിനൽ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ പേഴക്കാപ്പിള്ളി ആസ്ഥാനമായി പൊലീസ് സ്റ്റേഷൻ സ്ഥാപിക്കേണ്ടതാണെന്ന് പൊതു പ്രവർത്തകനും വ്യാപാരിയുമായ അബ്ദുൾ റഹിമാൻ തച്ചേത്ത് പറഞ്ഞു.