ksrtc-counter
അടഞ്ഞുകിടക്കുന്ന ആലുവ നഗരസഭ സ്വകാര്യ ബസ് സ്റ്റാൻഡിലെ കെ.എസ്.ആർ.ടി.സി സ്‌റ്റേഷൻ ഓഫിസ്

ആലുവ: ആലുവ സ്വകാര്യ ബസ്‌സ്റ്റാൻഡിലെ കെ.എസ്.ആർ.ടി.സി സ്‌റ്റേഷൻ ഓഫീസ് നോക്കുകുത്തിയായതോടെ യാത്രക്കാർ ദുരിതത്തിൽ. ട്രാൻ. ബസുകൾ സ്വകാര്യ സ്റ്റാൻഡിൽ കയറാത്തതിനാൽ യാത്രക്കാർ വെയിലും മഴയും ഏൽക്കേണ്ട അവസ്ഥയിലാണ്.

ആലുവ കെ.എസ്.ആർ.ടി.സി സമുച്ചയം നിർമ്മാണവുമായി ബന്ധപ്പെട്ട് നടപ്പാക്കിയ ഗതാഗത പരിഷ്കാരത്തിന്റെ ഭാഗമായാണ് ആലുവ സ്വകാര്യ ബസ്‌സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി ബസുകൾ കയറണമെന്ന തീരുമാനമെടുത്ത് ഇവിടെ പ്രത്യേകകൗണ്ടർ സ്ഥാപിച്ചത്. ആദ്യനാളുകളിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരനെ നിയോഗിച്ച് ബസുകൾ പ്രവേശിക്കുന്നത് ഉറപ്പാക്കിയിരുന്നു. ഇതോടെ സ്റ്റാൻഡിന് മുൻവശം അനധികൃതമായി ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പും ഇല്ലാതായി. യാത്രക്കാർക്കെല്ലാം മഴയും വെയിലും ഏൽക്കാതെ നിൽക്കാനുള്ള സൗകര്യമുണ്ടായിരുന്നു.

എന്നാൽ ആലുവ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ആവശ്യത്തിന് ജീവനക്കാരില്ലെന്ന പേരിൽ സ്വകാര്യസ്റ്റാൻഡിലെ കൗണ്ടർ അടച്ചുപൂട്ടിയതോടെ കാര്യങ്ങളെല്ലാം തകിടംമറിഞ്ഞ് പഴയപടിയായി. യാത്രക്കാർ ദുരിതത്തിലുമായി. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുവന്നെങ്കിലും ഈ ഓഫീസ് ഇതുവരെ തുറന്നിട്ടില്ല. മുമ്പ് കണ്ടക്ടർമാരെ ഉപയോഗിച്ചാണ് സ്‌റ്റേഷൻ പ്രവർത്തിപ്പിച്ചിരുന്നത്. കണ്ടക്ടർമാരുടെ മറ്റ് ഡ്യൂട്ടി പോസ്റ്റുകൾ ഒഴിവാക്കിയതോടെ സ്‌റ്റേഷൻ ഡ്യൂട്ടിക്ക് ആളില്ലാതായതാണ് പ്രതിസന്ധിക്ക് കാരണം. ജീവനക്കാരുടെ കുറവ് മേലുദ്യോഗസ്ഥരെ അന്നത്തെ എ.ടി.ഒ അറിയിച്ചെങ്കിലും പരിഹാരമുണ്ടായില്ലെന്നുമാത്രം.
 കൗണ്ടർ പ്രവർത്തനരഹിതമാക്കിയതെന്തിന്

ആലുവ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നാരംഭിക്കുന്ന കെ.എസ്.ആർ.ടി.സി ബസുകൾ സ്വകാര്യ ബസ്‌സ്റ്റാൻഡ്വഴി പോകണമെന്ന ഉദ്ദേശത്തോടെയാണ് ഈ ഓഫീസ് ആരംഭിച്ചത്. പറവൂർ, അങ്കമാലി, വരാപ്പുഴ, മാള തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ബസുകളാണ് തുടക്കത്തിൽ ഇതുവഴി കടന്നുപോയിരുന്നത്. അതോടൊപ്പം എറണാകുളത്തുനിന്ന് മൂന്നാർ, കട്ടപ്പന, കുമളി തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ദീർഘദൂര ബസുകളും ബൈപ്പാസ് സർവീസ് റോഡിൽനിന്ന് സ്വകാര്യ ബസ്‌സ്റ്റാൻഡിലെ ഓപ്പറേറ്റിംഗ് കൗണ്ടർവഴി സർവീസ് നടത്തിയിരുന്നു. അധികം താമസിയാതെ പെരുമ്പാവൂർ, മൂവാറ്റുപുഴ ഭാഗത്തേക്കുള്ള ഓർഡിനറി അടക്കമുള്ള ബസുകളും ഇതുവഴി സർവീസ് ക്രമീകരിക്കുകയായിരുന്നു. ഇതിലൂടെ കെ.എസ്.ആർ.ടി.സിക്ക് സാമ്പത്തിക നേട്ടം ലഭിച്ചു. യാത്രക്കാർക്ക് കൂടുതൽ സൗകര്യവുമായി. എന്നാൽ സ്വകാര്യ ബസുകാർക്ക് വേണ്ടി സ്വകാര്യ ബസുടമകൾ ഇടപെട്ട് കൗണ്ടർ പ്രവർത്തനരഹിതമാക്കുകയായിരുന്നുവെന്ന ആക്ഷേപം ശക്തമാണ്.