കൊച്ചി: കൊച്ചിയിലെ ആഡംബര ഹോട്ടലിൽ തൊഴിൽ പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ തൃശൂരിലെ പ്രമുഖ ധനകാര്യ സ്ഥാപനയുടമയെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ധനലക്ഷ്മി സെക്യൂരിറ്റിസ് ഉടമ ചേലോട് വടക്കേമുറി വീട്ടിൽ വൈത്തീശ്വരൻ രാമലിംഗഅയ്യർ (46) ആണ് പിടിയിലായത്. തൃശൂർ സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്. ഈ മാസം ആദ്യമായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു സ്വകാര്യ ബാങ്ക് സംഘടിപ്പിച്ച ബിസിനസ് മീറ്റ്അപ്പിനായാണ് പ്രതി ഹോട്ടലിലെത്തിയത്. ഇയാളെ റൂം കാണിക്കാൻ കൂട്ടിക്കൊണ്ടു പോയത് ഇന്റേൺഷിപ്പിനെത്തിയ പെൺകുട്ടിയായിരുന്നു. ഇതിനിടെ പെൺകുട്ടിയെ ഇഷ്ടമായെന്നും മറ്റും പറഞ്ഞ് ഇയാൾ കടന്നുപിടിക്കുകയായിരുന്നു. പതിനെട്ടുകാരി അന്നു തന്നെ മരട് പൊലീസിൽ പരാതി നൽകുകയും രാത്രിയോടെ പൊലീസ് തൃശൂർ പൂങ്കുന്നത്തെ വീട്ടിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതി റിമാൻഡ് ചെയ്ത പ്രതി അടുത്തിടെ ജാമ്യത്തിൽ പുറത്തിറങ്ങി.