ജൂൺ 5ന് വാഗ്ദാനലംഘനദിനം
വൈപ്പിൻ: വൈപ്പിൻ ഗോശ്രീ ബസുകളുടെ എറണാകുളം നഗരപ്രവേശനം ആവശ്യപ്പെട്ട് ജൂൺ 5ന് വാഗ്ദാനലംഘനദിനം ആചരിക്കും. ഗോശ്രീ പാലങ്ങൾ തുറന്നിട്ട് അന്ന് 18വർഷം തികയുകയാണ്. എറണാകുളം ഹൈക്കോടതി ജംഗ്ഷനിലാണ് പ്രതിഷേധവേദി. വാഗ്ദാനലംഘന പ്രതിഷേധപരിപാടി ഗോശ്രീ മനുഷ്യാവകാശ സംരക്ഷണസമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്യും.
തിരഞ്ഞെടുപ്പ് കാലത്ത് മുന്നണികളുടെ പ്രധാന വാഗ്ദാനമാണ് ഗോശ്രീ ബസുകളുടെ നഗരപ്രവേശനം. എന്നാൽ പതിനെട്ട് വർഷമായിട്ടും നിയമതടസങ്ങൾ ചൂണ്ടിക്കാട്ടി തലയൂരുകയാണ് അധികാരികളും ജനപ്രതിനിധികളും. ഇനിയും നിയമതടസം പറഞ്ഞ് വൈപ്പിൻ ജനതയെ ബുദ്ധിമുട്ടിക്കാതെ എത്രയുംവേഗം ഗോശ്രീബസുകളുടെ നഗരപ്രവേശനം നടപ്പാക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് നൽകാനുള്ള നിവേദനത്തിലേക്കുള്ള ഒപ്പ് ശേഖരണം മുനമ്പം മുതൽ ഫോർട്ട് വൈപ്പിൻവരെ ഉടൻ ആരംഭിക്കും. തുടർന്ന് സമിതി നേതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകും. നാറ്റ് പാക് നിർദേശിച്ച പ്രകാരം എറണാകുളം നഗരത്തിന്റെ നാല് ഭാഗങ്ങളിലേക്ക് ഗോശ്രീ പാലംവഴി സർവീസ് നടത്തുന്ന സ്വകാര്യബസുകൾ കടത്തിവിടണമെന്നതാണ് ആവശ്യം.