പറവൂർ: മൂത്തകുന്നം മുതൽ ഇടപ്പള്ളിവരെ ദേശീയപാത 66 നിർമ്മാണവുമായി ബന്ധപ്പെട്ട നഷ്ടപരിഹാര വിതരണവും സ്ഥലമേറ്റെടുക്കലും 31നകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാകളക്ടർ ജാഫർ മാലിക്ക് പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറുടെ അദ്ധ്യക്ഷതയിൽ അവലോകനയോഗം നടന്നു. നഷ്ടപരിഹാരം ലഭിക്കുന്നതിനാവശ്യമായ രേഖകൾ ഇനിയും സമർപ്പിക്കാത്തവർ ഒരാഴ്ചയ്ക്കകം മുഴുവൻ രേഖകളും നൽകണം. ഇല്ലെങ്കിൽ ഇവരുടെ നഷ്ടപരിഹാരം സിവിൽ കോടതിയിൽ കെട്ടിവച്ചു ഭൂമിഏറ്റെടുത്ത് ദേശീയപാത അതോറിറ്റിക്ക് കൈമാറും. തർക്കം നിലനിൽക്കുന്ന കേസുകളിലും നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവയ്ക്കും

ഭൂമി ഒഴിപ്പിക്കുന്നതിന് ദേശീയപാത നിയമവുമായി ബന്ധപ്പെട്ട ഉത്തരവ് മുമ്പ് പുറപ്പെടുവിച്ചിരുന്നു. ജില്ലയിൽ ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരം സംബന്ധിച്ച വ്യക്തിഗത റിപ്പോർട്ടുകൾ കൈപ്പറ്റാത്തവർ നമ്പൂരിയച്ചൻആലിന് സമീപമുള്ള നളന്ദ സിറ്റി സെന്ററിൽ പ്രവർത്തിക്കുന്ന ഡെപ്യൂട്ടി കളക്ടറുടെ കാര്യാലയത്തിലെത്തി കൈപ്പറ്റണം. ഓരോരുത്തരുടെയും ഏറ്റെടുക്കുന്ന ഭൂമിയുടെ അളവ്, അതിന് നിശ്ചയിച്ച തുക, ഏതൊക്കെ രേഖകൾ ഇനിയും സമർപ്പിക്കാനുണ്ട് എന്നിവ സംബന്ധിച്ച വിവരങ്ങൾ ഉത്തരവിലുണ്ട്.

ജില്ലയിൽ ഏറ്റെടുക്കേണ്ട 31.44 ഹെക്ടർ ഭൂമിയിൽ 30.3244 ഹെക്ടർ ഭൂമിയുടെ നഷ്ടപരിഹാരനിർണയം പൂർത്തിയായി. 1582 ഭൂവുടമകളാണ് എല്ലാരേഖകളും സമർപ്പിച്ചത്. ഇതിൽ 1430 പേരുടെ ഭൂമി ഏറ്റെടുത്തു ദേശീയപാത അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. 1145 കോടി രൂപ ഇതിനകം വിതരണം ചെയ്തുകഴിഞ്ഞതായി സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ. അരുൺ പറഞ്ഞു.