തൃപ്പൂണിത്തുറ: വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ബൈക്ക് യാത്രക്കാരന്റെ തലയടിച്ച് പൊട്ടിച്ചതായി പരാതി. മുളന്തുരുത്തി കണിയാംമുഗൾ വീട്ടിൽ യോഹന്നാന്റെ മകൻ തോമസ് കെ.വൈ (36) ആണ് പരാതിക്കാരൻ. ബുധനാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ തിരുവാണിയൂർ ഒ.ഇ.എൻ കമ്പനിക്ക് മുന്നിലൂടെ കാരിക്കോടുള്ള വീട്ടിലേയ്ക്ക് പോകുകയായിരുന്ന തോമസ് കമ്പനിക്ക് മുന്നിൽ ഗതാഗതക്കുരുക്കിൽപ്പെടുകയായിരുന്നു. വാഹനം മാറ്റാൻ ആവശ്യപ്പെട്ട കമ്പനി ജീവനക്കാരനാണ് മർദ്ദിച്ചത്. വാഹനം മാറ്റാൻ സാധിക്കാതെ വന്നതോടെ തോമസിനെ അസഭ്യം പറഞ്ഞ ജീവനക്കാരൻ വണ്ടിയിൽ നിന്ന് വലിച്ച് താഴെയിറക്കി കമ്പനിയുടെ മതിലിൽ തലചേർത്ത് ഇടിക്കുകയായിരുന്നു. പരിക്കേറ്റ തോമസിനെ നാട്ടുകാർ മുളന്തുരുത്തി ഗവ.ആശുപത്രിയിലും തുടർന്ന് തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലുമെത്തിച്ചു. തലയിൽ 5 തുന്നിക്കെട്ടുണ്ട്. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.