കളമശേരി: തോരാത്ത മഴയെ തുടർന്ന് കളമശേരി നഗരസഭയിലെ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. ചെയർപേഴ്സൺ സീമാ കണ്ണന്റെ വാർഡും വെള്ളക്കെട്ടിലാണ്. ചങ്ങമ്പുഴ നഗറിനു സമീപമുള്ള വി.ആർ. തങ്കപ്പൻ റോഡിന്റെ ഇരുവശത്തുമുള്ള 28, 29 വാർഡുകളിൽ പൊട്ടച്ചാൽ കനാൽ കവിഞ്ഞൊഴുകിയതോടെ വെള്ളമെത്തുകയായിരുന്നു. കക്കൂസ് മാലിന്യം ഉൾപ്പെടെ വീട്ടുമുറ്റത്തും കിണറുകളിലും എത്തി.
പാടങ്ങൾ നികത്തി കെട്ടിടങ്ങൾ നിർമ്മിച്ചതാണ് വെള്ളപൊക്കത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. അൽഫാനഗർ, മൂലേപ്പാടം, തുടങ്ങിയ പ്രദേശങ്ങളും കടുത്ത വെള്ളക്കെട്ടിലാണ്. അഞ്ച് കുടുംബങ്ങളെ ഹിൽവാലി സ്കൂളിലേക്ക് മാറ്റി പാർപ്പിച്ചു. 70 ഓളം വീടുകളിൽ വെള്ളം കയറി. ഫയർ ആൻഡ് റസ്ക്യു സ്‌റ്റേഷൻ ഓഫീസർ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം വാട്ടർ ഡിങ്കിയുമായാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. കെ.എസ്.ഇ.ബി വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.
ഏലൂർ നഗരസഭയിലെ 1,2,3,4,5,6, 28, 29, 30, 9 വാർഡുകളിൽ വെള്ളക്കെട്ടുണ്ട്. ഡിപ്പോ, കുഴിക്കണ്ടം, ചിറാക്കുഴി, മഞ്ഞുമ്മൽ പ്രദേശങ്ങളിലെ പതിനഞ്ചോളം വീടുകളിൽ വെള്ളം കയറി. മുട്ടാർ കടവ് ചെറിയ പാലത്തിന്റെ ഒരു ഭാഗം തകർന്നു വീണു.